മറാഠി ഭാഷാ തർക്കം ബോളിവുഡിലേക്കും: മന്ത്രി പ്രതാപ് സർനായിക്കിന് സഞ്ജയ് ദത്തിന്റെ മറുപടി; വിമർശിച്ച് രോഹിത് പവാർ

by WhatsUp Mumbai

മുംബൈ: മുംബൈയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി പ്രതാപ് സർനായിക് മറാഠിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ‘എർവാഡ ജയിലിൽ 6 വർഷം ഉണ്ടായിട്ടും മറാഠി പഠിക്കാൻ കഴിഞ്ഞില്ല’ എന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത് നടത്തിയ തമാശ രൂപേണയുള്ള പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി (ശരദ് പവാർ വിഭാഗം) നേതാവ് രോഹിത് പവാർ. സഞ്ജയ് ദത്തിന്റെ ഈ പ്രതികരണം പ്രതാപ് സർനായിക്കിന്റെ മുഖത്തേറ്റ അടിയാണെന്ന് രോഹിത് പവാർ പ്രതികരിച്ചു.

മുംബൈയിൽ നടന്ന പരിപാടിയിലാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് മറാഠി നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് താൻ ആളുകളെ മറാഠി പഠിപ്പിച്ചു വരികയാണെന്നും, അതിനാൽ സഞ്ജയ് ദത്തും മറാഠിയിൽ സംസാരിക്കണമെന്ന് പ്രതാപ് സർനായിക് വേദിയിൽ വെച്ച് അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ മൈക്ക് കയ്യിലെടുത്ത സഞ്ജയ് ദത്ത്, “പ്രതാപ് ഭായ്, ഞാൻ 6 വർഷം എർവാഡ ജയിലിൽ ഉണ്ടായിരുന്നു, എന്നിട്ടും മറാഠി പഠിക്കാൻ സാധിച്ചില്ല” എന്ന് തമാശയായി മറുപടി നൽകി. തുടർന്ന് സർനായിക്കിനെ ചേർത്തുപിടിച്ച താരം, തങ്ങൾ തമ്മിൽ 25 വർഷത്തെ ദീർഘകാല ബന്ധമുണ്ടെന്നും ചടങ്ങിലേക്ക് ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും കൂട്ടിച്ചേർത്തു.

എന്നാൽ സഞ്ജയ് ദത്തിന്റെ ഈ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. സാധാരണക്കാരായ ഓട്ടോ, ടാക്സി ഡ്രൈവർമാരോട് മറാഠി സംസാരിക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഷിൻഡെ വിഭാഗം ശിവസേന നേതാക്കൾക്ക് സെലിബ്രിറ്റികളുടെ മുന്നിൽ എത്തുമ്പോൾ മിണ്ടാട്ടമില്ലാതാകുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സഞ്ജയ് ദത്ത് കളിയാക്കി സംസാരിച്ചിട്ടും സർനായിക് അത് ചിരിച്ചു തള്ളുകയാണ് ചെയ്തതെന്നും, ഇത് സാധാരണക്കാരോടുള്ള ഇരട്ടത്താപ്പാണെന്നും രോഹിത് പവാർ വിമർശിച്ചു.

You may also like