മഹാരാഷ്ട്രയിൽ ദഹി ഹണ്ടി ആഘോഷങ്ങൾക്കിടെ ദുരന്തം: ഏഴുവയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു, 212 പേർക്ക് പരിക്ക്

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിലുടനീളം ആവേശത്തോടെ നടന്ന ദഹി ഹണ്ടി ആഘോഷങ്ങൾക്കിടെയുണ്ടായ വിവിധ അപകടങ്ങളിൽ ഏഴുവയസ്സുള്ള കുട്ടിയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. മനുഷ്യക്കോണി നിർമിക്കുന്നതിനിടെ വീണ് മുംബൈയിലും അയൽ ജില്ലയായ താനെയിലുമായി 212 ‘ഗോവിന്ദ’മാർക്ക് (ആഘോഷത്തിൽ പങ്കെടുത്തവർ) പരിക്കേറ്റു. ശനിയാഴ്ചയായിരുന്നു സംഭവം. മുംബൈയിൽ 168 പേർക്കും താനെയിൽ 44 പേർക്കുമാണ് പരിക്കേറ്റത്.

മുംബൈ മലാഡിലെ ചിക്ക്വാഡി ഏകതാ വെൽഫെയർ സൊസൈറ്റിയിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് ഏഴുവയസ്സുകാരനായ രുദ്ര കദം കൊല്ലപ്പെട്ടത്. കുട്ടികൾ തനിയെ ദഹി ഹണ്ടി സംഘടിപ്പിക്കുന്നതിനിടെ, ഉറി കെട്ടിയ കയറിന്റെ ഒരറ്റം മരത്തിലും മറ്റേ അറ്റം കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇഷ്ടികത്തൂണിലുമാണ് ബന്ധിപ്പിച്ചിരുന്നത്. കുടം ഉടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഈ തൂൺ പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട രുദ്രയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മലാഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു അപകടത്തിൽ, പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡിൽ 45-കാരിയായ സൽമ സലാഹുദ്ദീൻ പത്താൻ കൊല്ലപ്പെട്ടു. വിഘ്നഹർത്ത മണ്ഡൽ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം ഉച്ചഭാഷിണികൾ ഘടിപ്പിച്ചിരുന്ന താത്കാലിക ഇരുമ്പ് ചട്ടക്കൂട് അഴിച്ചുമാറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഇതിന്റെ ഭാരമേറിയ ഭാഗം തലയിലേക്ക് പതിച്ച് സൽമ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇവരുടെ മകൻ പരിപാടിയുടെ സംഘാടകസമിതി ഭാരവാഹിയാണ്. സംഭവത്തിൽ പരാതിയില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ആഘോഷങ്ങളിലെ അപകടസാധ്യത കണക്കിലെടുത്ത് നഗരത്തിലെ ആശുപത്രികളിൽ നൂറിലധികം കിടക്കകളും പ്രത്യേക വൈദ്യസഹായ സംഘത്തെയും മുൻകൂട്ടി സജ്ജമാക്കിയിരുന്നു. പരിക്കേറ്റവർക്ക് നഗരസഭാ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

You may also like