മുംബൈ: നേപ്പാളിലുണ്ടായ പ്രളയത്തിൽ കാണാതായ ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അവരുടെ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ മുൻഗണനാടിസ്ഥാനത്തിൽ ശേഖരിക്കാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. കലീനയിലെ ഡിജിറ്റൽ ഫോറൻസിക് സയൻസ് ലബോറട്ടറി (DFSL) ഡയറക്ടർക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ സിവിൽ സർജന്മാർക്കുമാണ് മഹാരാഷ്ട്ര ദുരന്ത നിവാരണ, പുനരധിവാസ വകുപ്പ് നിർദേശം നൽകിയത്.
നേപ്പാൾ സർക്കാർ പ്രളയത്തിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പ്രൊഫൈലിംഗ് നടത്തുന്നുണ്ട്. കാണാതായവരുടെ ഒന്നാം ഘട്ട രക്തബന്ധുക്കളിൽ നിന്ന് സമ്മതത്തോടെ ശേഖരിക്കുന്ന സാമ്പിളുകൾ ഫോറൻസിക് സംഘം പ്രൊഫൈലുകളാക്കി മാറ്റി ‘NFSL SOP 2026’ മാനദണ്ഡങ്ങൾ പ്രകാരം നേപ്പാൾ പൊലീസിനും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിക്കും കൈമാറും. ദുരന്തബാധിത കുടുംബങ്ങളെ വേഗത്തിൽ കണ്ടെത്തി സാമ്പിൾ ശേഖരണം പൂർത്തിയാക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും മഹാരാഷ്ട്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.