നവി മുംബൈ: ബ്രാൻഡഡ് ഭക്ഷണസാധനങ്ങളുടെ കാലാവധി കഴിഞ്ഞ പാക്കറ്റുകളിൽ വ്യാജ തീയതി പതിച്ച് വിറ്റഴിച്ച തട്ടിപ്പ് സംഘത്തെ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്.ഡി.എ) ക്രൈംബ്രാഞ്ചും ചേർന്ന് പിടികൂടി. എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ഡെയുടെ നേതൃത്വത്തിലായിരുന്നു നടപടി. തുർഭെ ടി.ടി.സി ഇൻഡസ്ട്രിയൽ ഏരിയയിലെ ‘സാധന എന്റർപ്രൈസസ്’ (Sadhana Enterprises) കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്.
മാഗി ന്യൂഡിൽസ്, ലെയ്‌സ്, കുർക്കുറെ, ബിംഗോ, ഹെൽമാൻസ് മയോണൈസ്, തംസ് അപ്പ് തുടങ്ങി നിരവധി പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിലെ പഴയ തീയതി കെമിക്കലുകൾ ഉപയോഗിച്ച് മായ്ച്ച്, ഇങ്ക്ജെറ്റ് പ്രിന്ററുകളും സ്റ്റിക്കറുകളും വഴി പുതിയ നിർമാണ തീയതികൾ പതിക്കുകയായിരുന്നു ഇവരുടെ രീതി.
ഓഗസ്റ്റ് 24 മുതൽ 29 വരെ നടത്തിയ പരിശോധനയിൽ 75.52 ലക്ഷം രൂപയുടെ (75,21,269 രൂപയുടെ 8,442 കാർട്ടൺ തട്ടിപ്പ് ഉത്പന്നങ്ങളും, 30,600 രൂപയുടെ മറ്റ് വസ്തുക്കളും) സ്റ്റോക്ക് പിടിച്ചെടുത്തു. ലൈസൻസോ ബില്ലുകളോ ഇല്ലാതെ പ്രവർത്തിച്ച ‘യൂണിക് ഫ്രാഗ്രൻസ്’ (Unique Fragrances), ‘പ്രിസ്റ്റൈൻ വേൾഡ് വൈഡ്’ (Pristine Worldwide) എന്നീ സ്ഥാപനങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
സാധന എന്റർപ്രൈസസിന്റെ ലൈസൻസ് എഫ്.ഡി.എ റദ്ദാക്കി. ഫുഡ് സേഫ്റ്റി ആക്ട്, ഭാരതീയ ന്യായ സംഹിത (BNS) എന്നിവ പ്രകാരം തുർഭെ പൊലീസ് കേസെടുത്തു. മുംബൈ, നോയിഡ, ഡൽഹി എന്നിവിടങ്ങളിലെ 10 കയറ്റുമതി കമ്പനികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.