നാസിക്: 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (എൻ.എം.സി.എ.) സംഘടിപ്പിച്ച നോർക്ക-റൂട്ട്സ് ഓൺലൈൻ സെമിനാറിലാണ് ഈ ആവശ്യം ഉയർന്നത്. സെമിനാർ കോർഡിനേറ്റർ ജയപ്രകാശ് നായർ പരിപാടിക്ക് നേതൃത്വം നൽകി. എൻ.എം.സി.എ. പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ഉണ്ണി വി. ജോർജ് സ്വാഗതം പറഞ്ഞു.
നോർക്ക-റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നോർക്ക-റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് ജോസഫ് മുഖ്യപ്രഭാഷണവും നോർക്ക-റൂട്ട്സ് മുംബൈ ഡെവലപ്മെന്റ് ഓഫീസർ അരുൺ ആർ. ബി. പ്രവാസികൾക്കായുള്ള സേവനങ്ങളുടെ വിശദീകരണവും നടത്തി. നോർക്ക-റൂട്ട്സ് ഉദ്യോഗസ്ഥ രമണി കെ., നോർക്ക ഓഫീസ് പ്രതിനിധി അഖിൽ കൃഷ്ണ, വിശിഷ്ടാതിഥി സന്തോഷ് കെ. എം. എന്നിവരും പങ്കെടുത്തു.
കേരള സർക്കാരുമായും നോർക്ക-റൂട്ട്സുമായും ബന്ധപ്പെടാനുള്ള പ്രധാന ഉപാധിയായ എൻ.ആർ.കെ. കാർഡ് നിലവിൽ 70 വയസ്സ് കഴിഞ്ഞവർക്ക് ലഭ്യമല്ല. ഇൻഷുറൻസ് തടസ്സങ്ങളുണ്ടെങ്കിൽ അത് ഒഴിവാക്കിയെങ്കിലും മുതിർന്ന പ്രവാസികൾക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി കാർഡ് നൽകണമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. നോർക്ക കെയർ പ്ലസ് പദ്ധതിയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനും മുതിർന്ന പ്രവാസികൾക്കായി പ്രത്യേക ക്ഷേമപദ്ധതികൾ നടപ്പാക്കാനും യോഗത്തിൽ ആവശ്യമുയർന്നു.
എൻ.എം.സി.എ. ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ, വിശ്വനാഥൻ പിള്ള, എൻ.എം.സി.എ. മഹിളാ സമാജം പ്രസിഡന്റ് ശ്രീരേഖ, ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ ചെയർമാൻ ഷൈൻ പാലമൂട്ടിൽ, കൺവീനർ ജോൺസൺ വർഗീസ്, രവി മാധവൻ, രമേഷ് അമ്പലപ്പുഴ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എൻ.എം.സി.എ. മഹിളാ സമാജം സെക്രട്ടറി ഡോ. സ്മിത നന്ദി രേഖപ്പെടുത്തി.