മുംബൈ : മുംബൈയിലെ പുതിയ എൻ.ആർ.കെ. (NRK) ഡെവലപ്മെന്റ് ഓഫീസറുമായി നിയമിതനായ അരുൺ ആർ. ബി.ക്ക് ഓൾ താണെ മലയാളി അസോസിയേഷൻ (ATMA) പ്രതിനിധി സംഘം സ്വീകരണം നൽകി. വാഷിയിലെ കേരള ഹൗസിൽ വെച്ചായിരുന്നു സ്വീകരണ ചടങ്ങ്. ATMA പ്രതിനിധികൾ അദ്ദേഹത്തിന് പൂച്ചെണ്ട് നൽകി ആശംസകൾ അറിയിച്ചു.
സ്വീകരണ ചടങ്ങിന് ശേഷം പ്രവാസി ക്ഷേമനിധി പെൻഷനുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനവും ഭാരവാഹികൾ ഓഫീസർക്ക് കൈമാറി. കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമനിധി പെൻഷൻ വരാനിരിക്കുന്ന ഓണത്തിന് മുമ്പ് അടിയന്തരമായി വിതരണം ചെയ്യണമെന്നും, എല്ലാ മാസവും നിശ്ചിത തീയതിയിൽ തന്നെ പെൻഷൻ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള സ്ഥിരസംവിധാനം ഉണ്ടാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
വിഷയത്തിൽ അടിയന്തര ഇടപെടൽ ഉറപ്പുനൽകിയ എൻ.ആർ.കെ. ഡെവലപ്മെന്റ് ഓഫീസർ, നിവേദനം കേരള സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പിലേക്ക് ഉടൻ തന്നെ കൈമാറുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
ATMA പ്രസിഡന്റ് ശശികുമാർ നായർ, സുമ മുകുന്ദൻ, ബീന ധനഞ്ജയൻ, ടി. പി. വിനോദ്, കാർത്തികേയൻ എന്നിവരാണ് ഡെവലപ്മെന്റ് ഓഫീസറെ സന്ദർശിച്ച പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.