ഓണം പെരുമയിൽ നവി മുംബൈ; NBKS ഓണാഘോഷം ആഗസ്റ്റ് 23-ന് നെരൂളിൽ

by WhatsUp Mumbai

നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ (NBKS) ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 23 ഞായറാഴ്ച നെരൂൾ സെക്ടർ 19-എയിലെ ഭാനുഷാലി വാടി ഹാളിൽ വിപുലമായി സംഘടിപ്പിക്കും. മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഐക്യവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമാജം ഓണാഘോഷം ഒരുക്കുന്നത്.

രാവിലെ 10-ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വരവേൽക്കുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് സമാജത്തിലെ വിവിധ ക്ലാസുകളിലെ കുട്ടികളും അംഗങ്ങളും അണിനിരക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. പാട്ട്, ഭരതനാട്യം, കഥക്, സിനിമാറ്റിക് ഡാൻസ്, മോഹിനിയാട്ടം, കളരിപ്പയറ്റ് പ്രകടനം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

കുട്ടികളുടെ പ്രത്യേക അവതരണങ്ങൾ, വനിതാ വിഭാഗത്തിന്റെ കൈകൊട്ടിക്കളി, യൂത്ത് വിങിന്റെ നൃത്തപരിപാടികൾ എന്നിവയും പ്രധാന ആകർഷണങ്ങളായിരിക്കും. പരിപാടിയുടെ ഭാഗമായി വർണ്ണാഭമായ പൂക്കളം, വടംവലി മത്സരം, ഉറയടി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്.

അനുമോദന ചടങ്ങിൽ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സുജാത സൂരജ് പാട്ടീൽ മുഖ്യാതിഥിയായിരിക്കും. നോർക ഡെവലപ്മെന്റ് ഓഫീസർ ആർ. ബി. അരുൺ, നെരൂൾ സീനിയർ പോലീസ് ഇൻസ്പെക്ടർ അജയ് കാംബ്ലെ എന്നിവർ ആശംസകൾ അർപ്പിക്കും.

You may also like