പൂനെയിലെ മലയാളി കുടുംബത്തിന്റെ ആത്മഹത്യ: വൻ സാമ്പത്തിക ബാധ്യതയും ട്രേഡിംഗ് നഷ്ടവും കാരണമായെന്ന് സൂചന

by WhatsUp Mumbai

പൂനെ: ഷെയർ മാർക്കറ്റിലെ വൻ സാമ്പത്തിക ബാധ്യതയും ഓൺലൈൻ ലോൺ ആപ്പുകളുടെ ചതിക്കുഴികളും മൂലം പൂനെ പിംപ്രിയിൽ മലയാളി കുടുംബം ജീവനൊടുക്കിയ സംഭവം പ്രവാസി സമൂഹത്തെയും ജന്മനാടിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ആഗസ്റ്റ് മാസം ആദ്യ ആഴ്ച്ചയിൽ പിംപ്രി മോർവാടിയിലുള്ള ‘കരിഷ്മ ഗ്ലോറി’ ഫ്ലാറ്റിൽ നടന്ന ദാരുണ സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ പി.എസ്. വിനോദ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരണപ്പെട്ടത്.

​വിഷ വാതകം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ മൂവരെയും അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ  രക്ഷിക്കാനായില്ല.   ആദ്യം വിനോദ്യും പിന്നീട് സിൽജയും മകൾ പൂർണിമയും  മരണത്തിന് കീഴടങ്ങുകയായിരുന്നു. പിംപ്രിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായ സിൽജ തുടർച്ചയായി രണ്ടുദിവസം ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് ദുരന്തവിവര പുറംലോകമറിയുന്നത്.

​ഷെയർ മാർക്കറ്റിലെ ‘ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ്’ (Futures and Options) വിഭാഗത്തിൽ നടത്തിയ പരീക്ഷണങ്ങളും ഓൺലൈൻ അപ്ലിക്കേഷൻ വഴിയുള്ള വായ്പകളുമാണ് കുടുംബത്തെ വൻ സാമ്പത്തിക തകർച്ചയിലേക്ക് തള്ളവിട്ടതെന്നാണ് സൂചനകൾ.  ഭാര്യവീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും വിനോദ് വൻ തുക കൈപ്പറ്റിയിരുന്നു. തുടർച്ചയായ നഷ്ടങ്ങളും കടബാധ്യതയും പെരുകിയതോടെയാണ് കുടുംബം ഈ ദാരുണമായ തീരുമാനത്തിലേക്ക് എത്തിയത്.

അതേസമയം പെട്ടെന്ന് പണമുണ്ടാക്കാമെന്ന വ്യാമോഹത്തിൽ അപകടകരമായ സാമ്പത്തിക പരീക്ഷണങ്ങൾക്ക് മുതിരുന്നവർക്ക് വലിയൊരു മുന്നറിയിപ്പാണ് ഈ സംഭവമെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ M.V.പരമേശ്വരൻ ചൂണ്ടിക്കാട്ടുന്നു.
 “കുടുംബത്തോടപോലും പറയാതെ നടത്തുന്ന ഇത്തരം രഹസ്യ സാമ്പത്തിക ഇടപാടുകൾ വലിയ ആഘാതങ്ങളിലേക്കാണ് വഴിതുറക്കുന്നത്. അറിവും വിദ്യാഭ്യാസവുമുള്ള ആളുകൾ പോലും ഉയർന്ന ലാഭം പ്രതീക്ഷിച്ച് ഇത്തരം ചതിക്കുഴികളിൽ വീണുപോകുന്നത് ഏറെ വേദനാജനകമാണ്”.അദ്ദേഹം പറഞ്ഞു.

ഓൺലൈൻ ലോൺ ആപ്പുകൾ, അപകടകരമായ ട്രേഡിംഗ് രീതികൾ എന്നിവയ്ക്കെതിരെ മലയാളി സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ തിടുക്കപ്പെട്ട് ജീവനൊടുക്കുന്നതിന് പകരം, കൃത്യമായ സാമ്പത്തിക അച്ചടക്കവും വിദഗ്ദ്ധരുടെ കൗൺസിലിംഗും തേടാൻ സമൂഹം കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

You may also like