മുംബൈ മലയാളികളുടെ ഓണം യാത്രാദുരിതം: പ്രത്യേക ട്രെയിൻ ആവശ്യപ്പെട്ട് ജോജോ തോമസ് സെൻട്രൽ റെയിൽവേയ്ക്ക് നിവേദനം നൽകി

by WhatsUp Mumbai

മുംബൈ: ഓണാവധിക്ക് നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മുംബൈ മലയാളി സമൂഹത്തിനായി ഇടപെടലുമായി മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറിയും ‘അമ്മ’ (AMMA) പ്രസിഡന്റുമായ ജോജോ തോമസ്. ഉത്സവകാല യാത്രാദുരിതം പരിഹരിക്കാൻ മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ഓണം ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സെൻട്രൽ റെയിൽവേ ഉന്നതാധികാരികൾക്ക് നിവേദനം നൽകി.

ഓണക്കാലത്ത് വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും, പട്ടികയിൽ മുംബൈയെ ഉൾപ്പെടുത്താതിരുന്നത് മലയാളി യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുംബൈയിൽ നിന്ന് പ്രത്യേക സർവീസിനായി ഔദ്യോഗികമായി ആരും റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നു.

ഈ സാഹചര്യത്തിലാണ്, മലബാറിലേക്കും തിരുവിതാംകൂറിലേക്കും യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെടുന്ന റൂട്ടിലെ യാത്രാപ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ജോജോ തോമസ് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ രാജീവ് ശ്രീവാസ്തവയ്ക്ക് നിവേദനം അയച്ചത്. ഔദ്യോഗിക തിരക്കുകൾ മൂലം ജനറൽ മാനേജറെ നേരിൽ കാണാൻ സാധിച്ചില്ലെങ്കിലും വിഷയത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന്റെ ഓഫീസിനെ ബോധ്യപ്പെടുത്തി.

തുടർന്ന്, സെൻട്രൽ റെയിൽവേ അഡിഷണൽ ജനറൽ മാനേജർ പ്രതീക് ഗോസ്വാമിയുമായി ജോജോ തോമസ് നേരിട്ട് കൂടിക്കാഴ്ച നടത്തി ചർച്ചകൾ നടത്തി. ഓണത്തോടനുബന്ധിച്ച് ട്രെയിനുകളിൽ അനുഭവപ്പെടുന്ന കടുത്ത ടിക്കറ്റ് ക്ഷാമവും നീണ്ട വെയ്റ്റിംഗ് ലിസ്റ്റും അദ്ദേഹം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.

ഓണത്തിന് മുൻപും ശേഷവുമുള്ള ദിവസങ്ങളിൽ മുംബൈ-കേരള റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിക്കാൻ ആവശ്യമായ ശുപാർശകൾ നൽകണമെന്ന് അദ്ദേഹം റെയിൽവേയോട് ആവശ്യപ്പെട്ടു. മുംബൈ മലയാളികളുടെ ന്യായമായ യാത്രാവശ്യത്തിന് പരിഹാരമുണ്ടാകുന്നത് വരെ വിഷയം സജീവമായി പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like