സ്വാതന്ത്ര്യദിനാഘോഷ നിറവിൽ മുംബൈ; പതാകയുയർത്തൽ മുതൽ ഗേറ്റ്‌വേയിലെ ലേസർ ഷോ വരെ, നഗരത്തിൽ വിപുലമായ പരിപാടികൾ

by WhatsUp Mumbai

മുംബൈ: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി മുംബൈ നഗരം. ആഗസ്റ്റ് 15 ശനിയാഴ്ച ദേശഭക്തി ചടങ്ങുകൾ, സാംസ്കാരിക പരിപാടികൾ, ലൈറ്റ് ഷോകൾ, ഭക്ഷണാനുഭവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സൗത്ത് മുംബൈ, ബികെസി, ശിവാജി പാർക്ക് എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്നത്.

സ്വാതന്ത്ര്യദിന  ആഘോഷങ്ങൾക്ക് രാവിലെ യോടെ തുടക്കമാകും. രാവിലെ 7:00 മണിക്ക് സിഎസ്എംടിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ ബിഎംസി ആസ്ഥാനത്ത് ഔദ്യോഗിക പതാകയുയർത്തൽ ചടങ്ങ് നടക്കും. കായിക പ്രേമികൾക്കായി ദാദറിലെ ശിവാജി പാർക്കിൽ പുലർച്ചെ 5:00 മണി മുതൽ 12 മണിക്കൂർ നീളുന്ന ഇൻഡിപെൻഡൻസ് ഡേ മാരത്തോണും സംഘടിപ്പിച്ചിട്ടുണ്ട്.
ഭക്ഷണപ്രിയർക്കായി ‘ദി ബോംബെ കാന്റീനിൽ’ രാവിലെ 11:00 മുതൽ വൈകിട്ട് 4:00 വരെ ‘ഇൻഡിപെൻഡൻസ് ഡേ ദാവാത്ത്’ ഒരുക്കുന്നു. 2015 മുതൽ എല്ലാ ആഗസ്റ്റ് 15-നും സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മ വിരുന്നിൽ നിന്ന് ലഭിക്കുന്ന തുക സാമൂഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

വൈകുന്നേരത്തോടെ നഗരം ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമാകും. ബികെസിയിലെ ജിയോ വേൾഡ് സെന്ററിലുള്ള ഫൗണ്ടൻ ഓഫ് ജോയ്-യിൽ വൈകിട്ട് 7:30-ന് വാട്ടർ, സംഗീത, ലൈറ്റ് ഷോയും, മുംബൈ ആർട്സ് തിയേറ്ററിൽ പ്രത്യേക കലാപ്രകടനവും നടക്കും. സൂര്യാസ്തമയത്തിന് ശേഷം ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ പ്രത്യേക ലേസർ ഷോയും ഫോർട്ട് ഏരിയയിലെ ചരിത്ര സ്മാരകങ്ങളിൽ ദീപാലങ്കാര കാഴ്ചകളും ഒരുക്കിയിട്ടുണ്ട്.

You may also like