തർക്കങ്ങൾക്കും കൈയേറ്റങ്ങൾക്കും വിട; ടിസിമാർക്ക് ബോഡി ക്യാമറയും സ്പെഷ്യൽ ജാക്കറ്റുമായി വെസ്റ്റേൺ റെയിൽവേ

by WhatsUp Mumbai

മുംബൈ: ടിക്കറ്റ് പരിശോധകർക്ക് (ടിസി) ബോഡി ക്യാമറകളും പ്രത്യേക ജാക്കറ്റുകളും നൽകാൻ വെസ്റ്റേൺ റെയിൽവേയുടെ മുംബൈ സെൻട്രൽ ഡിവിഷൻ തീരുമാനിച്ചു. പരിശോധനയ്ക്കിടെ യാത്രക്കാരും ടിസിമാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ, വാക്കേറ്റങ്ങൾ, കൈയേറ്റങ്ങൾ എന്നിവ കൃത്യമായി റെക്കോർഡ് ചെയ്ത് തെളിവുകൾ ശേഖരിക്കാനാണ് ഈ നീക്കം. തർക്കങ്ങളുണ്ടാകുമ്പോൾ ഇനി പരസ്പര ആരോപണങ്ങൾക്ക് പകരം ക്യാമറ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കൃത്യമായ നടപടി സ്വീകരിക്കാൻ റെയിൽവേയ്ക്ക് സാധിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്കായി 15 ബോഡി ക്യാമറകളും പ്രത്യേകം ഡിസൈൻ ചെയ്ത 30 ജാക്കറ്റുകളുമാണ് വാങ്ങുന്നത്. എസി ലോക്കൽ ട്രെയിനുകളിലായിരിക്കും ഇതിന് കൂടുതൽ മുൻഗണന നൽകുക. യാത്രക്കാരുമായി കൂടുതൽ മാന്യമായും പ്രൊഫഷണലായും പെരുമാറാൻ ജീവനക്കാരെ പ്രാപ്തരാക്കുന്ന വെസ്റ്റേൺ റെയിൽവേയുടെ ‘നമസ്തെ ക്യാമ്പയിന്റെ’ (Namaste Campaign) ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

വിഷ്വലുകളും സംഭാഷണങ്ങളും റെക്കോർഡ് ചെയ്യാൻ SD കാർഡുകളും മൈക്രോഫോണുകളും അടങ്ങിയ ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഇവയിലെ ദൃശ്യങ്ങൾ റെയിൽവേ അധികൃതർ സമയാസമയങ്ങളിൽ പരിശോധിച്ച് വിലയിരുത്തും. ദീർഘനേരം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഹാൻഡ് ഹെൽഡ് ടെർമിനലുകൾ (HHT), ഇലക്ട്രോണിക് ഫെയർ ടിക്കറ്റ് (EFT) മെഷീനുകൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവ എളുപ്പത്തിൽ സൂക്ഷിക്കാൻ പാകത്തിലാണ് പുതിയ ക്വിക്-ഡ്രൈയിങ് മൈക്രോഫൈബർ ജാക്കറ്റുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

ബോഡി ക്യാമറകളുടെയും പ്രത്യേക ജാക്കറ്റുകളുടെയും ഉപയോഗം ടിക്കറ്റ് പരിശോധന കൂടുതൽ സുരക്ഷിതവും സുതാര്യവും പ്രൊഫഷണലുമാക്കുമെന്ന് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (CPRO) വിനീത് അഭിഷേക് പറഞ്ഞു. ഇത് യാത്രക്കാരുടെ വിശ്വാസ്യത വർധിപ്പിക്കുകയും ജീവനക്കാരുടെ സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കുകയും ചെയ്യും. പൈലറ്റ് പ്രോജക്ടിന്റെ വിജയം വിലയിരുത്തിയ ശേഷം ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like