പാൽഘർ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തലാസരി താലൂക്കിൽ 19-കാരിയെ ആറംഗ സംഘം തട്ടിയെടുത്ത് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. നിലവിൽ കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ഗുജറാത്തിലെ ഉമർഗാമിൽ നിന്ന് ഞായറാഴ്ച രാത്രി സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്നു പെൺകുട്ടി. തലാസരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആംഗാവിനു സമീപം വെച്ച് ഇവരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു വീഴുകയായിരുന്നു. നിർജനമായ പ്രദേശത്ത് വാഹനം മറിഞ്ഞത് കണ്ടുനിന്ന ബൈക്കിലെത്തിയ മൂന്നുപേർ ഇരുവരെയും ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് തങ്ങളുടെ മൂന്ന് കൂട്ടാളികളെക്കൂടി സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു.
തുടർന്ന് അക്രമികൾ പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിച്ച് ഓടിച്ച ശേഷം, പെൺകുട്ടിയെ ബലമായി ബൈക്കിൽ കയറ്റി ആച്ഛാഡിലെ ദാഗ് ബംഗ്ലാവിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തിങ്കളാഴ്ച പോലീസിനെ സമീപിച്ച അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തലാസരി പോലീസ് ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പ് 70(1) ഉൾപ്പെടെ ചുമത്തി കേസെടുത്തു. പേടിച്ചോടിയ പെൺകുട്ടിയുടെ സുഹൃത്തും പിന്നീട് സ്റ്റേഷനിലെത്തി മൊഴി നൽകിയിട്ടുണ്ട്.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. പാൽഘർ എസ്.പി യതീഷ് ദേശ്മുഖ് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം വിലയിരുത്തി. ഒളിവിലുള്ള പ്രതികളെ പിടികൂടാൻ പ്രത്യേക പോലീസ് സംഘങ്ങൾക്ക് രൂപം നൽകിയതായി തലാസരി പോലീസ് ഇൻസ്പെക്ടർ അജയ് ഗോറാഡ് വ്യക്തമാക്കി.