മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിരോധന നിയമം: പൂനെയിൽ ആദ്യ കേസിൽ 22-കാരൻ അറസ്റ്റിൽ; പിന്നാലെ ബ്രിട്ടീഷ് പൗരനെതിരെയും നടപടി

by WhatsUp Mumbai

പൂനെ: മഹാരാഷ്ട്രയിൽ പുതുതായി നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതംമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിൽ 22 വയസ്സുകാരനായ ഉത്തർപ്രദേശ് സ്വദേശിക്കെതിരെയാണ് പൂനെ സിറ്റി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നിയമം പ്രാബല്യത്തിൽ വന്ന് ദിവസങ്ങൾക്കകമാണ് ഈ നടപടി. ഇതിനുപിന്നാലെ, ക്രിസ്തുമതത്തിലേക്ക് ആളെക്കൂട്ടാൻ ശ്രമിച്ചെന്നാരോപിച്ച് ബ്രിട്ടീഷ് പൗരനും ഒ.സി.ഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുടമയുമായ വ്യക്തിക്കെതിരെയും പോലീസ് മറ്റൊരു കേസ് എടുത്തു.

ഓഗസ്റ്റ് 1-നാണ് ‘മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് 2026’ സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നത്. തുടർന്ന് ഓഗസ്റ്റ് 5-ന് ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെതിരെ ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാൾ, പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചെന്നാണ് കേസ്. പോക്സോ (POCSO) നിയമത്തിലെ വകുപ്പുകളും പുതിയ നിയമത്തിലെ 3, 9(2) വകുപ്പുകളും ചുമത്തി അറസ്റ്റ് ചെയ്ത പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അമോൽ മോറെ (Senior Inspector Amol More) എന്ന ഉദ്യോഗസ്ഥനാണ് കേസിന്റെ വിവരങ്ങൾ സ്ഥിരീകരിച്ചത്.

ഉത്തർപ്രദേശിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ള പ്രതിയും പെൺകുട്ടിയും പിന്നീട് കർണാടകയിലേക്കും അവിടെനിന്ന് പൂനെയിലേക്കും താമസം മാറുകയായിരുന്നു. നിർബന്ധം, ഭീഷണി, തെറ്റിദ്ധരിപ്പിക്കൽ, വാഗ്ദാനങ്ങൾ എന്നിവയിലൂടെയുള്ള മതംമാറ്റം നിരോധിക്കുന്നതാണ് പുതിയ നിയമത്തിലെ വകുപ്പുകൾ. ഇര പ്രായപൂർത്തിയാകാത്ത ആളായതിനാൽ 7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ബ്രിട്ടീഷ് പൗരനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ, അനുമതിയില്ലാതെ പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുക്കുകയും മതപ്രഭാഷണങ്ങൾ നടത്തി ആളുകളെ മതംമാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് പോലീസ് കണ്ടെത്തൽ. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകിയുള്ള മതംമാറ്റത്തിനും പുതിയ നിയമത്തിൽ കർശന വിലക്കുണ്ട്. കൂടാതെ, മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തെളിയിക്കേണ്ട ചുമതല അത് നടത്തുന്ന വ്യക്തിക്കാണെന്നും നിയമം വ്യക്തമാക്കുന്നു.

ജൂലൈ 31-ന് സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത ഈ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. നിയമസഭയിൽ ഭരണകക്ഷിയായ മഹായുതി സഖ്യവും ശിവസേന (യു.ബി.ടി) യും ബില്ലിനെ പിന്തുണച്ചപ്പോൾ, കോൺഗ്രസ്, എൻ.സി.പി (ശരദ് പവാർ), സമാജ്‌വാദി പാർട്ടി എന്നിവർ നിയമത്തെ എതിർക്കുകയാണുണ്ടായത്.

You may also like