താനെയിൽ പ്രവേശനോത്സവത്തിന് വർണാഭമായ തുടക്കം; മേവാ സ്കൂളിൽ വേറിട്ട കലാവിരുന്നൊരുക്കി മലയാളം മിഷൻ

by WhatsUp Mumbai

​മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ താനെ മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ‘പ്രവേശനോത്സവം – 2026’ പുതിയ പഠിതാക്കൾക്ക് വലിയ ആവേശവും ഉൽസാഹവും നിറച്ച അനുഭവമായി മാറി. വർത്തക് നഗർ മേവാ സ്കൂളിൽ വെച്ച് നടന്ന വർണാഭമായ ചടങ്ങ്  എഴുത്തുകാരനും കവിയും ആയ സന്തോഷ് പല്ലശ്ശന നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

തുടർന്ന് അദ്ദേഹം ചൊല്ലിക്കൊടുത്ത ഭാഷാ പ്രതിജ്ഞ സദസ്സ് ഒന്നടങ്കം ഏറ്റുപറഞ്ഞു. പണ്ടത്തെ വീടുകളിൽ രാമായണ പാരായണം നടത്തിയിരുന്ന പശ്ചാത്തലവും, അത് നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നതിലൂടെ പുതിയ തലമുറ മനസ്സിലാക്കിയെടുക്കേണ്ട നന്മകളെക്കുറിച്ചും അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി. ചടങ്ങിൽ താനെ മേഖലാ കോ-ഓർഡിനേറ്റർ പ്രകാശൻ പി. പി. സ്വാഗതം ആശംസിച്ചു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകൻ ശ്രീകാന്ത് നായർ, സാമൂഹ്യ പ്രവർത്തക അഡ്വ. പ്രേമാ മേനോൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി സംസാരിച്ചു. പ്രമുഖ മലയാളി സാമൂഹ്യപ്രവർത്തകൻ അഡ്വ. രാജ് കുമാർ, പ്രശസ്ത കഥകളി കലാകാരി ശ്രീമതി താരാ വർമ്മ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

താനെ മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങളിലെ ഭാഷാ അധ്യാപകരുടെയും പുതിയതും പഴയതുമായ പഠിതാക്കളുടെയും രക്ഷിതാക്കളുടെയും ഒന്നിനൊന്ന് മെച്ചപ്പെട്ട കലാപ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച മലയാള കവിതകളും പഴയകാല സിനിമാ ഗാനങ്ങളും സദസ്സിന് പുത്തനുണർവാണ് നൽകിയത്. കേക്കും ചോക്കലേറ്റുകളും ബിസ്കറ്റും ഉണ്ണിയപ്പവും പുതിയ കൂട്ടുകാരുമെല്ലാം ചേർന്ന് കുട്ടികളിൽ നാടിന്റെ അന്തരീക്ഷം ജനിപ്പിച്ചു.

താനെ ഏരിയ സെക്രട്ടറി  രാജേഷ് നായർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.

You may also like