മുംബൈയിൽ പ്രമുഖ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം. സംഭവത്തിൽ അഞ്ച് പേർക്കെതിരെ ഡോംഗ്രി പോലീസ് കേസെടുത്തു. സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കാട്ടിയായിരുന്നു ഭീഷണി.
ഭീഷണിയും മാനസിക സമ്മർദ്ദവും സഹിക്കവയ്യാതായതോടെയാണ് ഇൻഫ്ലുവൻസർ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇരയായ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ (Sextortion), ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരം ഡോംഗ്രി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട അഞ്ചു പ്രതികളെയും തിരിച്ചറിയാനും ഇവരുടെ സാമ്പത്തിക ഇടപാടുകളും സന്ദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും പോലീസ് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും പ്രതികളെ ഉടൻ തന്നെ വലയിലാക്കുമെന്നും ഡോംഗ്രി പോലീസ് അറിയിച്ചു.