മുംബൈ : ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽനിന്ന് വൻതോതിൽ കിടക്കവിരികളും പുതപ്പുകളും കാണാതാകുന്നതായി വിവരാവകാശ നിയമപ്രകാരമുള്ള (ആർടിഐ) കണക്കുകൾ. 2022 ജനുവരി മുതൽ 2026 മേയ് വരെയുള്ള കാലയളവിൽ കിടക്കവിരികൾ, പുതപ്പുകൾ, തലയണകൾ, തലയണയുറകൾ, ടവലുകൾ എന്നിവയുൾപ്പെടെ 1.27 കോടിയിലധികം വസ്തുക്കളാണ് മോഷണം പോയത്.
കിടക്കവിരികളും പുതപ്പുകളും വിതരണം ചെയ്യുന്ന കരാറുകാർക്ക് ഈ മോഷണങ്ങളിലൂടെ 104 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം മോഷണങ്ങളിൽ 56 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസേന എട്ടു ലക്ഷത്തോളം യാത്രക്കാരാണ് റെയിൽവേയുടെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നത്. ഇതിൽ ഓരോ ആയിരം യാത്രക്കാരിൽ ഒരാൾ വീതം ചുരുങ്ങിയത് ഒരു സാധനമെങ്കിലും കൈക്കലാക്കി ഇറങ്ങുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
മോഷണം പോയ വസ്തുക്കളിൽ ഏറ്റവും കൂടുതൽ കിടക്കവിരികളാണ്. തലയണയുറകൾ, പുതപ്പുകൾ, തലയണകൾ, ടവലുകൾ എന്നിവയാണ് തൊട്ടുപിന്നിൽ. രാജ്യത്തെ 16 റെയിൽവേ സോണുകളിലായി 54 ഡിവിഷനുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിൽ, റിപ്പോർട്ട് ചെയ്യപ്പെട്ട മോഷണങ്ങളിൽ 67 ശതമാനവും പത്ത് ഡിവിഷനുകളിലാണ് നടന്നിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഡിവിഷനുകളിലൊന്ന് മുംബൈയാണ്.
ഈ മോഷണങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂർണ്ണമായും കരാറുകാരാണ് സഹിക്കുന്നത്. എന്നാൽ, കാണാതാകുന്ന സാധനങ്ങളുടെ തുക പലപ്പോഴും കരാറുകാർ കോച്ച് അറ്റൻഡന്റ്മാരുടെ ശമ്പളത്തിൽ നിന്നാണ് ഈടാക്കുന്നത്. ബെഡ്റോളുകൾ വിതരണം ചെയ്യാനും ശേഖരിക്കാനും കൃത്യമായി സൂക്ഷിക്കാനുമുള്ള പൂർണ ഉത്തരവാദിത്തം അതിനായി നിയോഗിക്കപ്പെട്ട ഏജൻസികൾക്കാണെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.