മുംബൈ നഗരത്തിൽ മഴക്കാല രോഗങ്ങൾ അതിവേഗം പടരുന്നതായി ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) റിപ്പോർട്ട്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ജൂലൈയിൽ മലേറിയ, ഡെംഗി, എച്ച്1എൻ1 (സ്വൈൻ ഫ്ലൂ), ലെപ്റ്റോസ്പൈറോസിസ് (എലിപ്പനി), ഗ്യാസ്ട്രോ എന്ററൈറ്റിസ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുസളധാര പെയ്ത മഴയും വെള്ളക്കെട്ടുകളുമാണ് രോഗവ്യാപനം രൂക്ഷമാക്കിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
ബിഎംസിയുടെ പ്രതിമാസ രോഗ നിരീക്ഷണ റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ 655 ആയിരുന്ന മലേറിയ കേസുകൾ ജൂലൈയിൽ 1,380 ആയി ഇരട്ടിയിലധികം വർധിച്ചു. ഡെംഗി ബാധിതരുടെ എണ്ണം 266-ൽ നിന്ന് 466 ആയി ഉയർന്നു. എച്ച്1എൻ1 ബാധിതർ 58-ൽ നിന്ന് 105 ആയി ഉയർന്നപ്പോൾ ലെപ്റ്റോസ്പൈറോസിസ് കേസുകൾ 33-ൽ നിന്ന് 78 ആയും ഗ്യാസ്ട്രോ എന്ററൈറ്റിസ് കേസുകൾ 603-ൽ നിന്ന് 851 ആയും വർധിച്ചു. അതേസമയം, ചികുൻഗുനിയ കേസുകളിൽ മാറ്റമില്ല (7 കേസുകൾ) എന്നും കോവിഡ് 19 കേസുകൾ 27-ൽ നിന്ന് 58 ആയി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മഴക്കാലത്ത് കൊതുകുജന്യ-ജലജന്യ രോഗങ്ങൾ വർധിക്കുന്നത് പതിവാണെന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് രോഗവ്യാപനം അതിതീവ്രമാകാൻ സാധ്യതയെന്നും ബിഎംസി എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോ. ദക്ഷ ഷാ പറഞ്ഞു. തുടർച്ചയായ മഴയെത്തുടർന്ന് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ കൂടുതലായി പെരുകുന്നത്. ബോംബെ ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യൻ ഡോ. ഗൗതം ഭൻസാലി, സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ അഡീഷണൽ ഡയറക്ടർ ഡോ. ദിവ്യ ഗോപാൽ എന്നിവരും രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തുന്നതായി സ്ഥിരീകരിച്ചു. എന്നാൽ ആളുകൾ നേരത്തെ തന്നെ ചികിത്സ തേടുന്നതിനാൽ ആശുപത്രി പ്രവേശനത്തിൽ കുറവുണ്ടെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
രോഗവ്യാപനം തടയാനായി ബിഎംസി ആരോഗ്യവിഭാഗം നഗരത്തിൽ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ജൂലൈയിൽ മാത്രം 6.5 ലക്ഷത്തിലധികം വീടുകളിൽ ബിഎംസി സംഘം പരിശോധന നടത്തുകയും എലിപ്പനി പ്രതിരോധത്തിനായി 51,000-ഓളം പേർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ കൊതുക് വളരുന്ന 5,969 കേന്ദ്രങ്ങൾ കണ്ടെത്തുകയും കെട്ടിക്കിടന്ന വെള്ളവും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്തു. ആയിരക്കണക്കിന് കെട്ടിടങ്ങളിലും ചേരിപ്രദേശങ്ങളിലും ഫോഗിങ് നടത്തുകയും 3,406 എലികളെ പിടികൂടുകയും ചെയ്തതായി ബിഎംസി അറിയിച്ചു.