കത്തോലിക്ക കോൺഗ്രസ് ദേശീയ സമ്മേളനം പ്രൗഢമായി സമാപിച്ചു; ഭാവി പ്രവർത്തനങ്ങൾക്ക് നിർണ്ണായക രൂപരേഖ

by admin

മുംബൈ: പൻവേൽ എആർസിയിൽ രണ്ടു ദിവസങ്ങളിലായി നടന്നു വന്ന കത്തോലിക്ക കോൺഗ്രസ് നാഷണൽ കോൺഫറൻസ് വൻ വിജയകരമായി സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 170 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഭാവി പ്രവർത്തനങ്ങൾക്കായുള്ള നിർണ്ണായക നയരൂപീകരണങ്ങളും തീരുമാനങ്ങളും കൈക്കൊണ്ടു.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചകളിലും സംവാദങ്ങളിലും സെമിനാറുകളിലും കൃത്യമായ വിഷയങ്ങൾ ഉയർന്നുവരികയും മികച്ച ഏകോപനത്തോടെ പ്രതിനിധികൾ അത് ഉൾക്കൊള്ളുകയും ചെയ്തു. കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ അംഗം ഗ്ലെൻ ഇ സൂസ ടിക്ലോ, അനൂപ് ആന്റണി, ഫാ. വർഗീസ് വള്ളിക്കാട്ട്, ജോർജ് കള്ളിവയലിൽ, അഡ്വ. ബിജു പറയനിലം, ഡോൾഫി ഡിസൂസ, സജി വർക്കി, ഡോ. കെ.എം. ഫ്രാൻസിസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

നേരത്തെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പുതിയ നിയമങ്ങൾ സമുദായങ്ങളുടെ നിലനിൽപ്പിനെ ബാധിക്കരുതെന്നും, പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ചൂണ്ടിക്കാട്ടിയിരുന്നു.

പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ആർച്ച് ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ബെന്നി ആന്റണി, മോൺ. സിറിയക് കുമ്പാട്ട്, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജീവ് തോമസ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

You may also like