സാരി വാങ്ങിയില്ല; പ്രഷർ കുക്കറുകൊണ്ട് ഭർത്താവിന്റെ തലയ്ക്കടിച്ചു, പിന്നാലെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭാര്യ!

by WhatsUp Mumbai

താനെ (മഹാരാഷ്ട്ര): ചോദിച്ച സാരി വാങ്ങിനൽകാത്തതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്കിനൊടുവിൽ ഭർത്താവിനെ പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭാര്യ. മഹാരാഷ്ട്രയിലെ താനെ ബദ്ലാപ്പൂർ ഈസ്റ്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ ബിഹാർ റോഹ്താസ് സ്വദേശിനിയായ സുനിതാദേവി ഹരിറാം സിങ്ങിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ഹരിറാം കിഷുൻജി സിങ് (35) ആണ് കൊല്ലപ്പെട്ടത്.

ജൂലൈ 19-ന് ദമ്പതികൾ താമസിക്കുന്ന വാടകവീട്ടിൽ വച്ചായിരുന്നു സംഭവം. പുതിയ സാരി വാങ്ങാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഭയന്ന ഇവരുടെ ഏഴ് വയസ്സുകാരൻ മകൻ സഹായത്തിനായി മകാൻ ഉടമസ്ഥന്റെ അടുത്തേക്ക് ഓടി. എന്നാൽ അതിനിടയിൽ നിയന്ത്രണം വിട്ട സുനിതാദേവി പ്രഷർ കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് ഹരിറാമിന്റെ തലയ്ക്കടിക്കുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് ഭർത്താവിന് ഹൃദയാഘാതമുണ്ടായതാണെന്ന് വരുത്തിത്തീർത്ത് മരണത്തിൽ അന്വേഷണത്തെ വഴിതെറ്റിക്കാൻ സുനിതാദേവി ശ്രമിച്ചു. ആദ്യഘട്ടത്തിൽ പോലീസും അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയും ക്രൂരമായ മർദ്ദനമേറ്റുമാണ് മരണമെന്ന് വ്യക്തമായതോടെ കേസ് കൊലപാതകമായി മാറുകയായിരുന്നു.
തുടർന്ന് ബന്ധുക്കളെയും മകനെയും വീട്ടുടമസ്ഥനെയും ചോദ്യം ചെയ്തതിൽ നിന്നാണ് വഴക്കിന്റെ വിവരം ബദ്ലാപ്പൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ നിതിൻ പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കുട്ടിയെ തൽക്കാലം ബന്ധുക്കളുടെ സംരക്ഷണത്തിൽ വിട്ടു.

You may also like