മുംബൈ: കേന്ദ്ര സർക്കാരിനും പൊലീസിനുമെതിരെ ഡൽഹിയിൽ വിദ്യാർഥികളും കോക്ക്റോച്ച് ജനതാ പാർട്ടിയും (CJP) നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മുംബൈയിൽ സംയുക്ത കൂറ്റൻ മാർച്ച് പ്രഖ്യാപിച്ച് താക്കറേ സഹോദരങ്ങൾ. ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെയും സംയുക്തമായി വാർത്താസമ്മേളനം വിളിച്ചാണ് ജൂലൈ 26 ഞായറാഴ്ച സംഘടിപ്പിക്കുന്ന ‘തിരംഗ മോർച്ച’യുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
ജൂലൈ 26 രാവിലെ 10 മണിക്ക് ദാദറിലെ ശിവാജി പാർക്കിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് സിദ്ധിവിനായക ക്ഷേത്രത്തിൽ സമാപിക്കും. രാഷ്ട്രീയ പാർട്ടി പതാകകൾ ഒഴിവാക്കി ദേശീയപതാക (ത്രിവർണ പതാക) മാത്രം ഏന്തിയ പൗരന്മാരുടെ പ്രതിഷേധ മാർച്ചായിരിക്കും ഇതെന്ന് നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി സംസാരിച്ചതായും മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തേക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുജനങ്ങളും മാർച്ചിൽ അണിനിരക്കണമെന്ന് ഇരുവരും ആഹ്വാനം ചെയ്തു.
വിദ്യാർഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് രാജ് താക്കറെ കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ വളർന്നുകഴിഞ്ഞു. വിഷയം ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്ക് എത്തിയിരിക്കുകയാണ്. വിദ്യാർഥികളെ ചർച്ചയ്ക്ക് വിളിച്ച് കാര്യങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറായില്ല. കർഷക പ്രക്ഷോഭത്തിലും മണിപ്പുർ വിഷയത്തിലും പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ആദ്യം ശ്രമിച്ചതെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു. സമാധാനപരമായ മാർച്ചിൽ ആരെങ്കിലും കടന്നുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയും വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമവും ജനങ്ങളിൽ ഉണ്ടാക്കിയ വലിയ അമർഷമാണ് ഈ പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കേന്ദ്ര ഭരണത്തോടുള്ള ജനങ്ങളുടെ പ്രതിഷേധം ഇപ്പോൾ തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന സോനം വാങ്ചുക്കിനെയും സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെയെയും സന്ദർശിച്ച കാര്യവും ഉദ്ധവ് ഓർമ്മിപ്പിച്ചു.
ദേവേന്ദ്ര ഫഡ്നാവിസ്
അതേസമയം, താക്കറെ സഹോദരങ്ങൾ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. വിദ്യാർഥികളുടെ തോളിന് മീതെ തോക്കുവെച്ച് നഷ്ടപ്പെട്ട രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാനുള്ള താക്കറെ സഹോദരങ്ങളുടെ “രാഷ്ട്രീയ അഭ്യാസം” (Political Jumla) മാത്രമാണിതെന്ന് ഫഡ്നാവിസ് വിമർശിച്ചു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന മഹാവികാസ് അഘാഡി (MVA) ഭരണകാലത്താണ് സംസ്ഥാനത്ത് ഏറ്റവും വലിയ അധ്യാപക യോഗ്യതാ പരീക്ഷാ തട്ടിപ്പ് നടന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ: ജൂലൈ 26-ന് മുംബൈയിൽ വമ്പൻ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് ഉദ്ധവ് – രാജ് താക്കറെ സഹോദരങ്ങൾ
111