മുംബൈ: ഡൽഹിയിൽ നടക്കുന്ന കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രക്ഷോഭങ്ങളിൽ ബോളിവുഡ് താരങ്ങൾ പുലർത്തുന്ന നിശബ്ദതയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നടൻ നസീറുദ്ദീൻ ഷാ. ‘വായയിൽ എല്ലിൻകഷണമുള്ള നായയ്ക്ക് കുരയ്ക്കാനാകില്ല’ എന്ന പ്രയോഗത്തിലൂടെയാണ് സഹപ്രവർത്തകരുടെ മൗനത്തെ അദ്ദേഹം കടന്നാക്രമിച്ചത്. വായയിലെ എല്ല് താഴെ വീഴുകയോ പല്ല് പൊട്ടുകയോ ചെയ്യുമ്പോൾ മാത്രമേ അവർ കുരയ്ക്കൂ എന്നും, മനസ്സാക്ഷിയെ തടഞ്ഞുവെച്ച് ആളുകൾ ഈ മൗനം മുതലെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നസീറുദ്ദീൻ ഷാ സോഷ്യൽ മീഡിയയിൽ വീഡിയോ സന്ദേശവും പങ്കുവെച്ചിട്ടുണ്ട്. “വിദ്യാഭ്യാസമില്ലാത്ത ഒരാളാണ് ഈ രാജ്യത്തെ നയിക്കുന്നതെങ്കിൽ, രാജ്യം മുഴുവൻ തന്നേപ്പോലെ അജ്ഞരും ദയയില്ലാത്തവരുമാകണമെന്നേ അയാൾ ആഗ്രഹിക്കൂ,” എന്ന് പറഞ്ഞ അദ്ദേഹം, യു.എസിലെ മുഖംമൂടി ധരിച്ച ഏജന്റുമാരെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് പ്രക്ഷോഭകരായ യുവാക്കളെ ഗുണ്ടകൾ പീഡിപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി. “എല്ലാം ഓർമ്മിക്കപ്പെടും (sab yaad rakha jayega)” എന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയ താരം, പോരാട്ടം തുടരുന്ന യുവാക്കൾക്ക് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
അതേസമയം, പ്രമുഖ ബോളിവുഡ് താരങ്ങളിൽ ഭൂരിഭാഗവും വിഷയത്തിൽ മൗനം പാലിക്കുമ്പോഴും ശബാന ആസ്മി, റിതേഷ് ദേശ്മുഖ് തുടങ്ങിയ താരങ്ങൾ പ്രക്ഷോഭകർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.