തിരുവനന്തപുരം: പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതികൾ ഉടൻ പുനരാരംഭിക്കുന്നത് സജീവമായി പരിഗണിക്കുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒയും നോർക്ക ഡയറക്ടറുമായ ആസിഫ് കെ. യൂസഫ് IAS ഉറപ്പുനൽകി. പ്രവാസി വിഷയങ്ങളിൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഓൾ മുംബൈ മലയാളി അസോസിയേഷൻ (AMMA) പ്രസിഡന്റുമായ ജോജോ തോമസ് മുഖ്യമന്ത്രിയോട് ഉന്നയിച്ച ആവശ്യങ്ങളെത്തുടർന്ന്, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് നടന്ന നിർണ്ണായക കൂടിക്കാഴ്ചയിലാണ് ഈ മുന്നേറ്റം.
പ്രവാസി ക്ഷേമനിധി ബോർഡിൽ പുതുതായി അംഗങ്ങളാകുന്നതിനും ഓൺലൈൻ വഴി വരിസംഖ്യ അടയ്ക്കുന്നതിനും സാധാരണക്കാരായ പ്രവാസികൾ അനുഭവിക്കുന്ന സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നിർദ്ദേശം നൽകുമെന്ന് സി.ഇ.ഒ വ്യക്തമാക്കി. പ്രവാസി കുടുംബങ്ങൾക്ക് തണലായ ‘നോർക്ക കെയർ’, ‘പ്രവാസി സുരക്ഷാ പ്ലസ്’ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും നോർക്കയുടെ സേവനങ്ങൾ പൂർണ്ണമായും പ്രവാസി സൗഹൃദവും ജനകീയവുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർക്ക പ്രവാസി വെൽഫെയർ ബോർഡ് പ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
മുടങ്ങിയിരുന്ന പ്രവാസി ക്ഷേമ പെൻഷൻ വിതരണം പുനരാരംഭിച്ച നടപടിയെ സ്വാഗതം ചെയ്ത ജോജോ തോമസ്, പെൻഷൻ അപേക്ഷകരുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വരാനിരിക്കുന്ന ഓണത്തിന് മുൻപായി തുക വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും നോർക്കയുടെയും കടമയാണെന്നും, ഇൻഷുറൻസും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രവാസി സമൂഹത്തിന് തടസ്സമില്ലാതെ പൂർണ്ണമായി ലഭ്യമാകും വരെ തങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകൾ തുടരുമെന്നും ജോജോ തോമസ് പ്രസ്താവിച്ചു