മുംബൈ: മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പുതുതായി ആരംഭിച്ച ഓൺലൈൻ പോർട്ടലിൽ, വൃത്തിഹീനമായ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളിൽ പുണെ ജില്ല ഒന്നാമത്. പോർട്ടൽ ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തോളം ആളുകൾ സൈറ്റ് സന്ദർശിച്ചതായി എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ അറിയിച്ചു. പുണെയിൽ നടന്ന ഫുഡ് സേഫ്റ്റി കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാനായി ‘complaints.mahafda.in’ എന്ന പോർട്ടലാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ ലഭിക്കുന്ന പരാതികളിൽ 24 മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കും. നിശ്ചിത സമയത്തിനകം നടപടിയുണ്ടായില്ലെങ്കിൽ പരാതികൾ സ്വയമേവ ഉയർന്ന ഉദ്യോഗസ്ഥരിലേക്ക് എത്തും. എല്ലാ ഭക്ഷണശാലകളും എഫ്എസ്എസ്എഐ (FSSAI) നിർദ്ദേശിക്കുന്ന 22 സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ മെയ് മാസത്തിൽ തുക്കാറാം മുണ്ടെ ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ ‘പാർസി ഡയറി ഫാമി’ന്റെ ലൈസൻസ് റദ്ദാക്കുകയും കെഇഎം ഹോസ്പിറ്റൽ കാന്റീന്റെ പ്രവർത്തനം നിർത്തലാക്കുകയും ചെയ്തിരുന്നു. നിയമനടപടി നേരിടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ചും വകുപ്പ് ആലോചിക്കുന്നുണ്ട്.