​കെ.ഇ.എം ആശുപത്രി കാന്റീനിൽ എഫ്.ഡി.എ റെയ്ഡ്; ലൈസൻസ് റദ്ദാക്കി, പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിച്ചു

by WhatsUp Mumbai

മുംബൈ: ഗുരുതരമായ ഭക്ഷ്യസുരക്ഷാ-ശുചിത്വ ലംഘനങ്ങളെത്തുടർന്ന് മുംബൈ പരേലിലെ പ്രശസ്തമായ കെ.ഇ.എം (KEM) ആശുപത്രിയിലെ കാന്റീൻ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അടച്ചു പൂട്ടി.ആശുപത്രിയിലെ ‘ഓൾഡ് നഴ്‌സസ് ഹോം’ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ‘എം/എസ് സ്റ്റാനി കാറ്ററേഴ്സ്’ എന്ന സ്ഥാപനത്തിന്റെ ലൈസൻസാണ് അടിയന്തരമായി സസ്പെൻഡ് ചെയ്തത്.

ജൂലൈ 15-ന് എഫ്.ഡി.എ സോൺ 3 ടീം നടത്തിയ മിന്നൽ പരിശോധനയിലാണ് കാന്റീനിലെ കടുത്ത അശുചിത്വവും നിയമലംഘനങ്ങളും കണ്ടെത്തിയത്. ഇതേതുടർന്ന് പ്രവർത്തനം നിർത്താൻ ‘സ്റ്റോപ്പ് ബിസിനസ്സ്’ നോട്ടീസ് നൽകി. കാന്റീനിൽ നിന്നും ചോറ്, മിക്സഡ് പൾസസ് ഭാജി, കാബൂളി കടല, സൂര്യകാന്തി എണ്ണ എന്നിവയുടെ സാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ തുകാറാം മുണ്ടേ മഹാരാഷ്ട്ര എഫ്.ഡി.എ കമ്മീഷണറായി ചുമതലയേറ്റതു മുതൽ സംസ്ഥാനത്ത് ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെ പ്രശസ്തമായ ‘പാർസി ഡയറി ഫാം’ എന്ന സ്ഥാപനത്തിന്റെ ലൈസൻസും ഇത്തരത്തിൽ എഫ്.ഡി.എ സസ്പെൻഡ് ചെയ്തിരുന്നു.

You may also like