വാഷിം : കാമുകനെ ക്രൂരമായി കൊലപ്പെടുത്തി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഭർത്താവിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പൊലീസ് പിടികൂടി. കൊടുംകൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം മുങ്ങിയ പഞ്ചശീല ഉത്തം തോറാത് (42) എന്ന സ്ത്രീയെയാണ് ഗുജറാത്തിലെ ഖംഭാലിയയിൽ നിന്ന് മഹാരാഷ്ട്ര പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്.
2002-ൽ പഞ്ചശീലയും തൊന്ദ്ഗാവ് സ്വദേശിയായ മാധവ് സദാശിവ് ഗോതെയും തമ്മിൽ പ്രണയത്തിലാവുകയും ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ മാധവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതും തുടർന്നുണ്ടായ തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2004 ജൂൺ 25-ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മാധവിന്റെ കഴുത്തറുത്ത ശേഷം തലയിൽ കല്ലിടിച്ചാണ് പഞ്ചശീല കൊലപ്പെടുത്തിയത്.
കേസിൽ അറസ്റ്റിലായ ഇവർക്ക് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചെങ്കിലും അന്തിമ വിധി വന്നതോടെ പൊലീസിനെ വെട്ടിച്ച് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നു. അവിടെ പേരും ഐഡന്റിറ്റിയും മാറ്റി വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ പോലും ഉപയോഗിച്ചിരുന്നില്ല. എന്നാൽ, ഭാര്യയുമൊത്തുള്ള ചിത്രം ഭർത്താവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് പ്രതിക്ക് വിനയായത്. ഈ ചിത്രം സൈബർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വർഷങ്ങൾ നീണ്ട ഒളിവുജീവിതത്തിന് അന്ത്യമായത്.