മുംബൈ: ലക്ഷക്കണക്കിന് യാത്രക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ മുംബൈ ലോക്കൽ ട്രെയിനുകൾ അക്രമികളുടെ താവളമായി മാറുന്നു. നഗരത്തിന്റെ ജീവനനാഡിയായ ലോക്കൽ ട്രെയിനുകളിൽ അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ട്രെയിൻ യാത്രയ്ക്കിടയിലുണ്ടാകുന്ന ചെറിയ തർക്കങ്ങൾ പോലും വലിയ അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വഴിമാറുന്ന ഭീതിദമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഏറ്റവും ഒടുവിലായി മുംബൈയിലെ താക്കൂർലി സ്റ്റേഷന് സമീപം ചെന്നൈ സെൻട്രൽ (CSMT) – അംബർനാഥ് ലോക്കൽ ട്രെയിനിൽ സീറ്റ് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യാത്രക്കാർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ പരേൽ-അംബർനാഥ് ലോക്കൽ ട്രെയിനിലെ ലഗേജ് കോച്ചിലാണ് സംഭവം. പരിക്കേറ്റ പ്രിതേഷ് കനോജിയ രാജു വാഘേ എന്നിവരെ കല്യാണിലെ രുക്മിണിഭായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കത്തിനിടയിൽ കയ്യിലുണ്ടായിരുന്ന കട്ടിയുള്ള ഇരുമ്പ് വള (kada) ഉപയോഗിച്ചുള്ള ഇടിയേറ്റാണ് തലയ്ക്ക് പരിക്കേറ്റതെന്ന് റെയിൽവേ പോലീസ് (GRP) വ്യക്തമാക്കി. സംഭവത്തിൽ കല്യാൺ ജിആർപി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേയുടെ ഭാഗത്തുനിന്നും ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സ്വപ്നിൽ നില കേസിന്റെ പുരോഗതിയും നിയമനടപടികളും നിരീക്ഷിക്കുന്നുണ്ട്.
തൊട്ടടുത്ത റെയിൽവേ സ്റ്റേഷനായ കുർളയിൽ കത്തി പോലുള്ള മാരകായധവുമായി പ്ലാറ്റ്‌ഫോമിലൂടെ ഒരാൾ ഓടിയത് കഴിഞ്ഞദിവസം യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. വെറും ഒരു മാസം മുൻപാണ് വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 22 കാരനായ മായങ്ക് ലോഹാർ എന്ന യുവാവ് ട്രെയിനിൽ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ജനുവരിയിൽ മലാഡ് സ്റ്റേഷനിൽ വെച്ച് കോളേജ് അധ്യാപകനായ അലോക് സിങ് എന്ന മുപ്പത്തിരണ്ടുകാരനും സമാനമായ തർക്കത്തെ തുടർന്ന് കുത്തേറ്റിരുന്നു.
റെയിൽവേ പോലീസും (GRP) റെയിൽവേ സുരക്ഷാ സേനയും (RPF) സുരക്ഷ ശക്തമാക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, ട്രെയിനുകളിലെ തിക്കും തിരക്കും നിയന്ത്രണമില്ലാത്ത യാത്രക്കാരുടെ പെരുമാറ്റവും ലോക്കൽ യാത്രയെ ഒരു ‘പ്രഷർ കുക്കർ’ പോലെ അപകടകരമാക്കി മാറ്റുകയാണെന്നാണ് സ്ഥിരം യാത്രക്കാരുടെ പരാതി. വരും ദിവസങ്ങളിൽ സുരക്ഷാ നടപടികൾ കർശനമാക്കിയില്ലെങ്കിൽ ലോക്കൽ ട്രെയിനുകളിലെ യാത്ര കൂടുതൽ ഭയാനകമാകുമെന്ന ആശങ്കയിലാണ് മുംബൈ നഗരം.