മുംബൈ: ഭാവിതലമുറയെ ലഹരിയുടെ കെണിയിൽ നിന്ന് രക്ഷിക്കാൻ വൻ ജനകീയ പ്രതിരോധവുമായി മുംബൈ പൊലീസ്. ‘ഡ്രഗ്സ് ഫ്രീ മുംബൈ’ ക്യാമ്പയിന്റെ ഭാഗമായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (BMC) കീഴിലുള്ള നൂറിലധികം സ്കൂളുകളിലാണ് പൊലീസ് വിപുലമായ ബോധവൽക്കരണം നടത്തിയത്. നഗരത്തിലെ നാലായിരത്തിലധികം വിദ്യാർത്ഥികളിലേക്ക് ലഹരി വിരുദ്ധ സന്ദേശം നേരിട്ടെത്തിക്കാൻ ഈ ദൗത്യത്തിലൂടെ സാധിച്ചു.
ലഹരി ഉപയോഗത്തിന്റെ മാരകമായ പാർശ്വഫലങ്ങളെക്കുറിച്ചും അത് ജീവിതത്തിലുണ്ടാക്കുന്ന തകർച്ചകളെക്കുറിച്ചും പൊലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. ഇതിനൊപ്പം സ്കൂൾ പരിസരങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സമീപത്തെ പാൻ സ്റ്റാളുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും പൊലീസ് കർശനമായ പരിശോധനകൾ നടത്തിവരികയാണ്. ലഹരിമുക്തമായ അന്തരീക്ഷം ഉറപ്പാക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ തേടിയ പൊലീസ്, വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് വ്യക്തമാക്കി.