204
മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിലും പരിസര പ്രദേശങ്ങളിലും പെയ്തിറങ്ങുന്ന കനത്ത മഴയെത്തുടർന്ന് നഗരത്തിന് കുടിവെള്ളം നൽകുന്ന ഏഴ് തടാകങ്ങളിലെ ജലസംഭരണം 50 ശതമാനത്തിലേക്ക് അടുത്തു. ഇതോടെ നഗരത്തിലെ ജലക്ഷാമ ആശങ്കകൾക്ക് വലിയ തോതിൽ ശമനമായിരിക്കുകയാണ്.
മുംബൈ കോർപ്പറേഷൻ (BMC) പുറത്തുവിട്ട കണക്കുകൾ പ്രകാരം, തടാകങ്ങളിലെ ആകെ ജലശേഖരം ഇപ്പോൾ 47.50 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് വെറും 29.54 ശതമാനവും, 2022-ൽ 21.05 ശതമാനവുമായിരുന്നു. ഭട്സ, അപ്പർ വൈതർണ, മിഡിൽ വൈതർണ, താൻസ, മോദക് സാഗർ, തുളസി, വിഹാർ എന്നീ ഏഴ് പ്രധാന തടാകങ്ങളിലെല്ലാം ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. തടാകങ്ങൾ അതിവേഗം നിറയുന്നത് നിലവിൽ നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള 10 ശതമാനം ജലനിയന്ത്രണം (Water Cut) പിൻവലിക്കാൻ വരും ദിവസങ്ങളിൽ അധികൃതർക്ക് സഹായകരമാകും.