മുംബൈ: മനുഷ്യൻ നേരിട്ട് സെപ്റ്റിക് ടാങ്കിലിറങ്ങി ഇത്തരം ശുചീകരണ ജോലികൾ ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് വലിയൊരു കറുത്ത പാടാണെന്ന് ബോംബെ ഹൈക്കോടതി. 2021-ൽ നന്ദേഡ് ജില്ലയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ മഹാരാഷ്ട്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ നിതിൻ സൂര്യവംശി, വൈശാലി പാട്ടീൽ-ജാദവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
നന്ദേഡ് ജില്ലാ കളക്ടറിൽ നിന്ന് നിർദ്ദേശം ലഭിച്ച് എട്ട് ആഴ്ചയ്ക്കകം സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഈ തുക കൈമാറണം; വൈകിയാൽ 6 ശതമാനം പലിശയും നൽകേണ്ടിവരും. യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളുമില്ലാതെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു ഈ ദാരുണ അപകടം. സ്ഥലുടമ നേരത്തെ 2.25 ലക്ഷം രൂപ വീതം നൽകിയിരുന്നെങ്കിലും, മുൻ കോടതി വിധികളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥർ സർക്കാരാണെന്ന് കോടതി വ്യക്തമാക്കി.
ഈ തുക നിയമലംഘനം നടത്തിയ കരാറുകാരനിൽ നിന്നോ ഉത്തരവാദികളിൽ നിന്നോ ഈടാക്കാൻ സർക്കാരിന് അനുവാദമുണ്ട്. കൂടാതെ, ഇരകളുടെ കുടുംബങ്ങൾക്ക് കായിക ശുചീകരണ തൊഴിലാളി നിരോധനവും പുനരധിവാസവും നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടോ എന്ന് 12 ആഴ്ചയ്ക്കകം പരിശോധിക്കാനും അധികാരികൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.