​48 മണിക്കൂറിൽ 1290 മില്ലിമീറ്റർ മഴ! ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിൽ നടുങ്ങി ലോണാവാല

by WhatsUp Mumbai

പൂനെ: മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലോണാവാലയിൽ വെറും 48 മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയത് 1290 മില്ലിമീറ്റർ അതിവർഷം. കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് റിസോർട്ടിലെ വാച്ചർ മരണപ്പെടുകയും മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയുമാണ്. ഘട്ട് മേഖലയിൽ ഗതാഗതം തകിടം മറിഞ്ഞതോടെ നിരവധി വിനോദസഞ്ചാരികൾ വഴിയിൽ കുടുങ്ങി. ശക്തമായ പടിഞ്ഞാറൻ കാറ്റാണ് ഈ കനത്ത മഴയ്ക്ക് കാരണമായത്.

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നിരവധി ആളുകളെ ദുരന്തനിവാരണ സേന (PDRF) അതിസാഹസികമായി രക്ഷപ്പെടുത്തി. ഏകാന്ത് വില്ല, ഗ്രീൻ ലാൻഡ് വില്ല, മൗണ്ട് വെസ്റ്റ് ക്രിസ്റ്റ സൊസൈറ്റി എന്നിവിടങ്ങളിൽ നിന്നായി മുതിർന്ന പൗരന്മാർ ഉൾപ്പെടെ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വില്ലകളിൽ വെള്ളം കയറിയതിനെ തുടർന്ന് നോർത്ത് പോയിന്റ്, 360 സൗത്ത് റിസോർട്ടുകൾക്ക് സമീപം സുരക്ഷാ പരിശോധന തുടരുകയാണെന്ന് പുനെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (PMRDA) മേധാവി അഭിജിത് ചൗധരി അറിയിച്ചു.

മഴ കനത്തതോടെ മുംബൈ-പുനെ എക്സ്പ്രസ് വേയിൽ ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടാവുകയും ഐ.ആർ.ബി (IRB) സംഘമെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. കനത്ത മൂടൽമഞ്ഞ് കാരണം പുതിയ മിസ്സിങ് ലിങ്ക് ടണൽ വഴിയുള്ള ഗതാഗതം മന്ദഗതിയിലാണ്. ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

You may also like