മുംബൈ: മഹാരാഷ്ട്രയിൽ കാലവർഷം അതിതീവ്രമായതോടെ കൊങ്കൺ മേഖലയിലും പശ്ചിമ മഹാരാഷ്ട്രയിലും പ്രളയബാധ രൂക്ഷമായി. നദികൾ കരകവിഞ്ഞതിനെത്തുടർന്ന് കോലാപ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്നതിനാൽ ഐഎംഡി (IMD) റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്,ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ,എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര യോഗങ്ങൾ ചേർന്നു. എൻഡിആർഎഫ് (NDRF) സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. മുംബൈ, പൂനെ നഗരങ്ങളിൽ റോഡ് – റെയിൽ ഗതാഗതം സാരമായി ബാധിക്കപ്പെട്ടു.
സംസ്ഥാനത്തെ പ്രധാന ജലാശയങ്ങളായ കോയ്ന (Koyna), ഖഡക്വാസ്ല (Khadakwasla) ഡാമുകളിലേക്ക് ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. ഖഡക്വാസ്ല ഡാം നിറഞ്ഞതിനെത്തുടർന്ന് കവാടങ്ങൾ തുറന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് വിട്ടുതുടങ്ങി. ഇതേത്തുടർന്ന് മുഠാ നദിക്കരയിലുള്ളവർക്കും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.