മഹാരാഷ്ട്രയിൽ മൺസൂൺ കനക്കുന്നു; മുംബൈ ഉൾപ്പെടെ 6 ജില്ലകളിൽ റെഡ് അലർട്ട്; നിർണായക 48 മണിക്കൂർ, അനാവശ്യ യാത്രകൾ ഒഴിവാക്കാൻ കടുത്ത നിർദ്ദേശം

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിൽ കാലവർഷം അതിശക്തമാകുന്നു. മുംബൈ നഗരത്തിലും സമീപ ജില്ലകളിലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിലവിൽ മൺസൂൺ കാറ്റിൻ്റെ ഫലമായി മുംബൈ, താനെ, പാൽഘർ, കൊങ്കൺ മേഖലകളിൽ ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്.

കനത്ത മഴയെത്തുടർന്ന് നാലാസോപാരയിലെ ഡോൺ ലെയ്ൻ, തുലിഞ്ച് ബ്രിഡ്ജ് പ്രദേശങ്ങളിൽ മുട്ടൊപ്പം വെള്ളം ഉയർന്നു. വിരാർ വെസ്റ്റിലെ ജനവാസ മേഖലകളിൽ വെള്ളം കയറിയതോടെ പ്രധാന റോഡുകളിൽ ഗതാഗതം മന്ദഗതിയിലായി. വെള്ളിയാഴ്ച അർധരാത്രിയോടെ മാട്ടുങ്കയിൽ വൻ മരം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിൽ കടപുഴകി വീണെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഫയർഫോഴ്സും സിവിക് ഉദ്യോഗസ്ഥരും എത്തിയാണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചത്. 

ജൂലൈ 4 മുതൽ 6 വരെ മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിലാണ് റെഡ് അലർട്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ഘാട്ട് റോഡുകളിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണം. മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസും (CMO Maharashtra) ദുരന്ത നിവാരണ വകുപ്പും അഭ്യർത്ഥിച്ചു. അടിയന്തര സഹായങ്ങൾക്കായി മുംബൈ നിവാസികൾക്ക് ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ്റെ (BMC) 1916 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

You may also like