‘കുടി വെള്ളം ആഡംബരമല്ല, അടിസ്ഥാന ആവശ്യം’; സർക്കാരിനെതിരെ ബോംബെ ഹൈക്കോടതി

by WhatsUp Mumbai

മുംബൈ: വൻതോതിൽ പണം ചെലവഴിച്ചിട്ടും മഹാരാഷ്ട്ര ഇപ്പോഴും വാട്ടർ ടാങ്കറുകളെ ആശ്രയിക്കുന്നതിനെതിരെ സംസ്ഥാന സർക്കാരിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. “വെള്ളം എന്നത് ഒരു ആഡംബരമല്ല, മറിച്ച് അടിസ്ഥാന ആവശ്യമാണ്” എന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ അജയ് ഗഡ്കരി, കമൽ ഖാത്ത എന്നിവരടങ്ങിയ ബെഞ്ച്, സംസ്ഥാനം എന്തുകൊണ്ടാണ് ഇതുവരെ ‘ടാങ്കർ വിമുക്ത’മാകാത്തതെന്ന് ചോദ്യം ചെയ്തു. ആദിവാസി മേഖലകളിലെ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ.

മേൽഘട്ട് മേഖലയിലെ ധാരാണി, ചിഖൽദാര എന്നീ ആദിവാസി താലൂക്കുകളിൽ ടാങ്കറുകൾ വഴിയാണ് കുടിവെള്ളം എത്തിക്കുന്നതെന്നും വനംവകുപ്പിന്റെ അനുമതി വൈകുന്നതാണ് ജൽ ജീവൻ മിഷൻ പദ്ധതികൾ പൂർത്തിയാകാൻ തടസ്സമെന്നും അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡർ പി.എം. ജോഷി-ദേശ്പാണ്ഡെ കോടതിയെ അറിയിച്ചു. എന്നാൽ, 2019-ൽ തുടങ്ങിയ പദ്ധതിക്ക് അനുമതി ലഭിക്കാൻ അഞ്ച് വർഷം വൈകിയതിനെ കോടതി വിമർശിച്ചു. ജൽ ജീവൻ മിഷനുള്ള കേന്ദ്ര വിഹിതം 2024 ഒക്ടോബർ മുതൽ അനുവദിച്ചിട്ടില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജുഗൽ കിഷോർ ഗിൽഡ ആരോപിച്ചു. ജൽ ജീവൻ മിഷൻ ഫണ്ട് വിനിയോഗത്തിന്റെ പൂർണ്ണ വിവരങ്ങളും ആക്ഷൻ പ്ലാനും രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

You may also like