ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം കാൻഡ്ലി ജില്ലാ പരിഷദ് സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

by admin

താനെ: കാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം (HGABS). താനെ ജില്ലയിലെ മൂർബാദ് താലൂക്കിലുള്ള കാൻഡ്ലി ഗ്രാമത്തിലെ ജില്ലാ പരിഷദ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. താനെയിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ അകലെയുള്ള ഗ്രാമീണ മേഖലയിലെ ഈ വിദ്യാലയത്തിൽ തുടർച്ചയായ നാലാം വർഷമാണ് ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം പഠനോപകരണ വിതരണവുമായി എത്തുന്നത്. ചടങ്ങിൽ സംഘത്തെ പ്രതിനിധീകരിച്ച് സെക്രട്ടറി ശശികുമാർ നായരും രമേഷ് ഗോപാലനും പങ്കെടുത്തു.

അക്ഷരവെളിച്ചം പകരുന്നതിനൊപ്പം വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഈ കൂട്ടായ്മ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. ശോചനീയാവസ്ഥയിലായിരുന്ന കാൻഡ്ലി ജില്ലാ പരിഷദ് സ്കൂൾ കെട്ടിടത്തിന്റെ സമഗ്ര നവീകരണം 2024-ൽ ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം ഏറ്റെടുത്ത പ്രധാന സാമൂഹ്യസേവന പദ്ധതിയായിരുന്നു. ഒരു സ്വകാര്യ എൻജിനിയറിങ് കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ട് വിനിയോഗിച്ചായിരുന്നു നവീകരണം. ഈ പദ്ധതിയുടെ പൂർണ്ണമായ ഏകോപനവും മേൽനോട്ടവും നിർവ്വഹിച്ചത് സംഘമാണ്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വിദ്യാർത്ഥികൾക്കായി സ്കൂൾ തുറന്നുനൽകാൻ ഇവർക്ക് സാധിച്ചു.

​ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ചാണ് വിദ്യാലയത്തിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി സെപ്റ്റിക് ടാങ്ക് നിർമ്മാണം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശൗചാലയങ്ങൾ, ഉച്ചഭക്ഷണത്തിനായുള്ള അടുക്കള, ഓവർഹെഡ് വാട്ടർ ടാങ്ക് എന്നിവ നിർമ്മിച്ചു. കൂടാതെ സ്കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ, പ്ലംബിംഗ്, പെയിന്റിംഗ്, ഇലക്ട്രിക്കൽ ഫിറ്റിങ്ങുകൾ എന്നിവയും ഇതിലൂടെ പൂർത്തിയാക്കി. 2024 ജൂലൈ 6-ന് രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഈ നവീകരിച്ച മന്ദിരം സ്കൂളിന് സമർപ്പിച്ചിരുന്നു.

​വിദ്യാഭ്യാസത്തിനും സാമൂഹിക ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ, വരും വർഷങ്ങളിലും എല്ലാ അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ വിപുലമായി തുടരാൻ കഴിയുമെന്നാണ് ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം പ്രത്യാശിക്കുന്നത്.

You may also like