മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CSMIA) വീണ്ടും വൻ സ്വർണ്ണവേട്ട. ദുബായിൽ നിന്നും ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2.88 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി മലയാളി യാത്രക്കാരനെ മുംബൈ എയർപോർട്ട് കസ്റ്റംസ് വിഭാഗം പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ കർശനമായ പരിശോധനയിലാണ് പ്രതി വലയിലായത്. ഇയാൾ ധരിച്ചിരുന്ന ഷൂസിന്റെ അടിഭാഗത്ത് പ്രത്യേക അറകൾ ഉണ്ടാക്കി അതീവ രഹസ്യമായാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. വിമാനത്താവളത്തിലെ പരിശോധനകൾ വെട്ടിച്ച് പുറത്തുകടക്കാനായിരുന്നു പ്രതിയുടെ ശ്രമം.
സംഭവത്തിൽ സ്വർണ്ണം പൂർണ്ണമായി കണ്ടുകെട്ടുകയും മലയാളി യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിന് പിന്നിൽ വലിയ കള്ളക്കടത്ത് സംഘങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.