​’ഇപ്പോൾ പണ്ടത്തെ കാലമല്ല, കണ്ടില്ലെന്ന് നടിക്കുന്നതാണ് ബുദ്ധി’; കൊലപാതക വാർത്ത ഞെട്ടിച്ച മുംബൈ ലോക്കലുകളിൽ സുരക്ഷാ ചർച്ചകൾ ചൂടുപിടിക്കുന്നു

by WhatsUp Mumbai

മുംബൈ: ലോക്കൽ ട്രെയിനുകളിലെ യാത്ര മുംബൈക്കാരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. എന്നാൽ തിരക്കേറിയ ഈ യാത്രയ്ക്കിടയിൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവെക്കുകയോ റീലുകൾ കാണുകയോ ചെയ്യുന്ന സഹയാത്രികരോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുംബൈ ലോക്കൽ ട്രെയിനിലെ ഇത്തരം അനുഭവങ്ങളെയും യാത്രക്കാരുടെ പെരുമാറ്റ രീതികളെയും കുറിച്ചുള്ള ഒരു യാത്രാ വിവരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ട്രെയിനിലെ ബഹളത്തിനിടയിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോൺ ഉപയോഗിക്കുന്നവരോട് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുമ്പോൾ ഉണ്ടാകാനിടയുള്ള പ്രതികരണങ്ങളാണ് പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ചിലർ ഇത് മാന്യമായി സ്വീകരിക്കുമെങ്കിലും, ഭൂരിഭാഗം പേരും തർക്കത്തിലേക്കും വഴക്കിലേക്കും നീങ്ങാനാണ് സാധ്യത. ‘എന്റെ ഫോൺ, എന്റെ ഇഷ്ടം’ എന്ന മട്ടിലുള്ള മനോഭാവവും പ്രതികരണങ്ങളും ട്രെയിൻ യാത്രകളിൽ അനാവശ്യമായ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു. ഒരു ചെറിയ ചോദ്യം പോലും വലിയ അക്രമമായി മാറാൻ അധികം സമയം വേണ്ടെന്ന തിരിച്ചറിവാണ് മുംബൈ ലോക്കലുകളിൽ വോളിയം കുറയ്ക്കാൻ ആവശ്യപ്പെടും മുൻപ് യാത്രക്കാരെ നൂറുവട്ടം ചിന്തിപ്പിക്കുന്നത്.

​ഈ വിഷയത്തിൽ മുംബൈയിലെ സ്ഥിരം മലയാളി യാത്രക്കാരുടെ പ്രതികരണങ്ങൾ ഇങ്ങനെയാണ്

​”പണ്ടത്തെപ്പോലെയല്ല മുംബൈ ലോക്കലുകൾ ഇപ്പോൾ. ആളുകളുടെ അസഹിഷ്ണുത വളരെ കൂടിയിട്ടുണ്ട്. അടുത്തിടെ ട്രെയിനിൽ നടന്ന ആ കൊലപാതകം നടക്കുന്നതിന്റെ മുമ്പ് തന്നെ ആരോടും ഒന്നും പറയാൻ പോകാറില്ല, അത് പിന്നെ വഴക്കാകും എന്നറിയാം.പല കാര്യങ്ങളും കണ്ടില്ല എന്ന് നടിക്കും.”( സുനിൽ (38), മുളൂണ്ട് സിഎസ്ടി സ്ഥിരം യാത്രക്കാരൻ)

​”ട്രെയിൻ യാത്രകളിൽ നമ്മൾ ഇപ്പോൾ പണ്ടത്തേതിനേക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആരുടെയൊക്കെ മനസ്സ് ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് പറയാൻ പറ്റില്ല. വോളിയം കുറയ്ക്കാൻ ആവശ്യപ്പെടുന്നത് നമ്മുടെ അവകാശമാണെങ്കിലും, അതൊരു വലിയ വഴക്കിലേക്കോ അക്രമത്തിലേക്കോ നീങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് കുറച്ച് ‘കെയർ’ ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.”(സതീഷ് നായർ,മിരാ റോഡ് – സി എസ് ടി യാത്രക്കാരൻ)

​”വീട്ടമ്മമാരും ജോലിക്കാരുമായ സ്ത്രീകളുടെ അവസ്ഥ ഇതിലും കഷ്ടമാണ്. ലേഡീസ് കമ്പാർട്ടുമെന്റിലും ഇത്തരം തർക്കങ്ങൾ പതിവാണ്. ഒരു കൊലപാതകം വരെ ട്രെയിനിൽ നടന്നു എന്ന് കേൾക്കുമ്പോൾ വലിയ പേടിയുണ്ട്. അതുകൊണ്ട് അനാവശ്യമായ തർക്കങ്ങളിലേക്ക് പോകാതിരിക്കുകയാണ് ബുദ്ധി.സീറ്റിനെ ചൊല്ലിയുള്ള തർക്കങ്ങൾ ആണ് പൊതുവെ കൂടുതൽ.എന്തായാലും ഇത്തരക്കാർക്കെതിരെ റെയിൽവേ കർശന നടപടി എടുക്കണം.”
(പ്രീതി സുരേഷ്, പൻവേൽ – മസ്ജിദ് ബന്തർ യാത്രക്കാരി)

ഹെഡ്‌ഫോണുകൾ ഉപയോഗിക്കാതെ പൊതുയിടങ്ങളിൽ ഫോൺ ഉച്ചത്തിൽ ഉപയോഗിക്കുന്നത് സഹയാത്രികരുടെ സ്വകാര്യതയെയും സമാധാനത്തെയും ബാധിക്കുന്നുണ്ട്. എങ്കിലും, ലോക്കൽ ട്രെയിനുകളിലെ തർക്കങ്ങൾ അക്രമാസക്തമായേക്കാം എന്ന ഭയത്താലാണ് പലരും ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ മടിക്കുന്നത്.

You may also like