‘അവൻ ജീവനോടെയുണ്ടോ?’ പിടിയിലായുടൻ ചോദ്യം; 400 സിസിടിവി ദൃശ്യങ്ങളിലൂടെ ട്രെയിൻ കൊലപാതകി കുടുങ്ങിയത് ഇങ്ങനെ!

by admin

മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ 22-കാരനായ മയങ്ക് ലോഹാറിനെ കുത്തിക്കൊന്ന കേസിൽ പ്രതി റോഷൻ സുവർണയുടെ ഞെട്ടിക്കുന്ന രക്ഷപെടൽ വിവരങ്ങൾ പുറത്ത്. കനത്ത മഴയിൽ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം ബോറിവലി, മിരാ റോഡ് വഴി പൻവേലിലേക്ക് ഒളിച്ചോടിയ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് വലയിലാക്കി. ചോരക്കളിക്ക് ശേഷം പൊലീസിനെ വട്ടംചുറ്റിച്ച 30-കാരനായ പ്രതിയെ കുടുക്കിയത് ഇയാളുടെ കുപ്പായത്തിലെ ഒരു ചെറിയ ലോഗോയും സിസിടിവി ദൃശ്യങ്ങളുമായിരുന്നു.

മദ്യലഹരിയിലെ യാത്ര; വാതിൽ തർക്കം കൊലപാതകത്തിൽ

മിരാ ഭയന്ദർ സ്വദേശിയായ റോഷൻ സുവർണ വിമാനത്താവളത്തിന് സമീപമുള്ള കാർഗോ കമ്പനി ജീവനക്കാരനാണ്. ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞിറങ്ങിയ ഇയാൾ മദ്യപിച്ചിരുന്നു. കനത്ത മഴ കാരണം റോഡ് മാർഗ്ഗമുള്ള യാത്ര ഒഴിവാക്കാനാണ് ഇയാൾ അന്ധേരിയിൽ നിന്നും ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ കയറിയത്.

യാത്രയ്ക്കിടെ കമ്പാർട്ടുമെന്റിലേക്ക് മഴവെള്ളം അടിച്ചുകയറി. ഇതോടെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് റോഷനും മയങ്ക് ലോഹാറും തമ്മിൽ തർക്കമുണ്ടായി. വാക്കേറ്റം മൂർച്ഛിച്ചതോടെ റോഷൻ തന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് മയങ്കിന്റെ വയറ്റിൽ കുത്തിയിറക്കുകയായിരുന്നു. തുടർന്ന് രാത്രി 11 മണിയോടെ ട്രെയിൻ ബോറിവലി സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ, പ്രതി ജനക്കൂട്ടത്തിനിടയിലേക്ക് ചാടിയിറങ്ങി രക്ഷപെട്ടു.

മംഗളൂരുവിലേക്ക് കടക്കാൻ പദ്ധതി

ബോറിവലിയിൽ നിന്നും ഒരു ഓട്ടോറിക്ഷയിലാണ് റോഷൻ മിരാ റോഡിലുള്ള തന്റെ വീട്ടിലെത്തിയത്. അവിടെയെത്തി കുളിച്ച് വസ്ത്രങ്ങൾ മാറി. ഒളിച്ചോടാനായി കുറച്ചു തുണികളും ബാഗിലാക്കി. വീട്ടുകാരോട് ‘ഇപ്പോൾ വരാം’ എന്ന് മാത്രം പറഞ്ഞ് ഇയാൾ പൻവേലിലേക്ക് ടാക്സി വിളിച്ച് തിരിച്ചു. അവിടെ നിന്നും ജന്മനാടായ മംഗളൂരുവിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ നീക്കം. ഇതിനായി ബുധനാഴ്ച ഉച്ചയ്ക്കുള്ള ബസ് ടിക്കറ്റും ഇയാൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു.

അറസ്റ്റിലേക്ക് നയിച്ച ഭാഗം

കൊലപാതകം നടന്നയുടൻ പൊലീസ് സംഘം 400-ഓളം സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി. ഇതിനിടയിലാണ് പ്രതി ധരിച്ചിരുന്ന ഷർട്ടിലെ കമ്പനി ലോഗോ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ ലോഗോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ജോലിസ്ഥലവും ഫോൺ നമ്പറും വിലാസവും പൊലീസിന് ലഭിച്ചു.

തുടർന്ന് നടത്തിയ സൈബർ പരിശോധനയിൽ പ്രതി പൻവേലിലുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന റോഷനെ ബോറിവലി ജിആർപി (GRP) സംഘം വളഞ്ഞു പിടികൂടുകയായിരുന്നു. കൊലപാതകം നടന്ന് 15 മണിക്കൂറിനുള്ളിലാണ് പ്രതി വലയിലായത്.

​’അവൻ ജീവനോടെയുണ്ടോ?’

പൊലീസ് കസ്റ്റഡിയിലായ ഉടൻ ‘മയങ്ക് ഇപ്പോഴും ജീവനോടെയുണ്ടോ?’ എന്നായിരുന്നു റോഷന്റെ ആദ്യ ചോദ്യം. വഴിമധ്യേ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ, മയങ്ക് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് പൊലീസ് ആദ്യം റോഷനോട് പറഞ്ഞത്. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് മയങ്ക് മരിച്ച വിവരവും കൊലപാതകക്കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും പ്രതിയെ അറിയിച്ചത്.

മുൻപ് മറ്റ് കുറ്റകൃത്യ പശ്ചാത്തലങ്ങളില്ലാത്ത റോഷൻ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്റെ ഒരു സുഹൃത്തിൽ നിന്നാണ് വാങ്ങിയതെന്ന് പൊലീസിനോട് സമ്മതിച്ചു. സുഹൃത്ത് എന്തിനാണ് ഇയാൾക്ക് കത്തി നൽകിയത് എന്നതിനെക്കുറിച്ച് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.

You may also like