മുംബൈ: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് (യു.കെ) പോകുന്ന പ്രമുഖ ഫിക്കി (FICCI) ബിസിനസ് പ്രതിനിധി സംഘത്തിലേക്ക് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്കുമാർ മധുസൂദനന് ക്ഷണം. 2026 ജൂൺ 25, 26 തീയതികളിലാണ് ഈ ഉന്നതതല സന്ദർശനം.
ഇന്ത്യ-യു.കെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CETA) ഒപ്പുവെച്ചതിന് പിന്നാലെ നടക്കുന്ന ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ബിസിനസ്സ് പങ്കാളിത്തം എന്നിവ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) സംഘടിപ്പിക്കുന്ന ഈ യാത്രയിൽ ബിസിനസ്സ് ചർച്ചകളും പ്ലീനറി സെഷനുകളും നടക്കും.
ഗ്ലോബൽ വർക്ക്ഫോഴ്സ് മൊബിലിറ്റി, നൈപുണ്യ വികസനം എന്നീ മേഖലകളിലെ മികച്ച സംഭാവനകളും, ഇന്ത്യയുടെ വിദഗ്ധ തൊഴിലാളികളെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടുന്നതിൽ വഹിച്ച പങ്കുമാണ് ഡോ. സുരേഷ്കുമാർ മധുസൂദനനെ ഈ സംഘത്തിലേക്ക് വഴിതുറന്നത്. ഈ വിശിഷ്ട പ്രതിനിധി സംഘത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പുതിയ കരാർ വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ആഗോള തൊഴിൽ വിന്യാസ രംഗത്ത് 40 വർഷത്തെ പാരമ്പര്യമുള്ള സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ്, ഇതിനകം മൂന്ന് ലക്ഷത്തിലധികം പ്രൊഫഷണലുകളെ 25-ലധികം രാജ്യങ്ങളിലേക്ക് വിജയകരമായി എത്തിച്ചിട്ടുണ്ട്. ഡോ. സുരേഷ്കുമാറിന്റെ ഈ സന്ദർശനം വർക്ക്ഫോഴ്സ് മൊബിലിറ്റി, സ്കിൽ ഡെവലപ്മെന്റ്, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ഹെൽത്ത് കെയർ, ടെക്നോളജി എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കും.