സോലാപൂർ: മഹാരാഷ്ട്രയിലെ സോലാപൂർ ബസ് സ്റ്റാൻഡിൽ കോയമ്പത്തൂർ നിവാസിയായ മലയാളി യാത്രക്കാരൻ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ വലയിലാക്കി പോലീസ്. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ വി. കൃഷ്ണപ്രസാദ് (62) ആണ് കവർച്ചാസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സോലാപൂർ സ്വദേശികളായ കുനാൽ കിസാൻ കാംബ്ലെ (21)അമൻ സുധാകർ ജെതിതോർ (21) എന്നിവരെ ഫൗജ്ദാർ ചാവ്ഡി പോലീസ് അറസ്റ്റ് ചെയ്തു.
കവർച്ചാശ്രമത്തിനിടയിലുണ്ടായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തുണയായത് സിസിടിവി; അതിവേഗ അന്വേഷണം
ഹൈദരാബാദിൽ നിന്നും പൂനെയിലേക്കുള്ള യാത്രാമധ്യേ ജൂൺ 10-ന് പുലർച്ചെയാണ് സോലാപൂർ ബസ് സ്റ്റാൻഡിൽ വിശ്രമിക്കുകയായിരുന്ന കൃഷ്ണപ്രസാദിന് നേരെ ആക്രമണമുണ്ടായത്.ആയുധങ്ങളുമായി എത്തിയ പ്രതികൾ ഇദ്ദേഹത്തെ വളയുകയും കവർച്ചയ്ക്ക് ശ്രമിക്കുകയുമായിരുന്നു.പ്രതിരോധിക്കാൻ ശ്രമിച്ച കൃഷ്ണപ്രസാദിനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചു എന്നാണ് വിവരം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരണപ്പെടുകയായിരുന്നു.
നടുക്കമുണ്ടാക്കിയ ഈ കൊലപാതകത്തെ തുടർന്ന് സോലാപൂർ പോലീസ് കമ്മീഷണർ എം. രാജ്കുമാറിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബസ് സ്റ്റാൻഡിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അതിവേഗ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പോലീസ് പിടികൂടിയത്.
കണ്ണീരണിഞ്ഞ കുടുംബത്തിന് കാവലായി മലയാളി കൂട്ടായ്മ
അന്യസംസ്ഥാനത്ത് വച്ച് അപ്രതീക്ഷിതമായി ഉണ്ടായ ഈ കൊടുംക്രൂരതയിൽ പകച്ചുപോയ കുടുംബത്തിന് താങ്ങായതും നിയമനടപടികൾ വേഗത്തിലാക്കിയതും പൂനെ, സോലാപൂർ മലയാളി സംഘടനകളുടെ സമയബന്ധിതമായ ഇടപെടലുകളാണ്. മരണ വിവരമറിഞ്ഞ് ഖത്തറിലായിരുന്ന കൃഷ്ണപ്രസാദിന്റെ സഹോദരി പുത്രി ഉടൻതന്നെ പൂനെ മലയാളി ഫെഡറേഷൻ വൈസ് പ്രസിഡന്റ് എം.വി. പരമേശ്വരനെ ബന്ധപ്പെടുകയായിരുന്നു. ഉടനടി ഇടപെട്ട അദ്ദേഹം സോലാപൂർ മലയാളി അസോസിയേഷൻ ഭാരവാഹികളായ ജഗദീഷ്, സ്വാമി , സുരേഷ് നായർ എന്നിവരുമായി കാര്യങ്ങൾ ഏകോപിപ്പിച്ചു.
ഇരുവരും സിവിൽ ഹോസ്പിറ്റലിൽ എത്തി ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കാൻ
മുൻകൈ എടുത്തു.തുടർന്ന് നാട്ടിൽ നിന്നും സോലാപൂരിൽ എത്തിയ കൃഷ്ണപ്രസാദിന്റെ മക്കൾക്കും ബന്ധുക്കൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവർ ഒരുക്കി നൽകി.
ആശുപത്രിയിലെയും പോലീസിലെയും നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വിട്ടുനൽകിയ മൃതദേഹം മലയാളി സംഘടനകളുടെ നേതൃത്വത്തിൽ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കേരളത്തിലെത്തിച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
പൂനെയുമായി പഴയ ബന്ധം;
യാത്ര പഴയ കമ്പനി ആവശ്യങ്ങൾക്ക്
ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടത്തിൽ പൂനെയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കൃഷ്ണപ്രസാദ്. 1980 മുതൽ 2000 വരെയുള്ള നീണ്ട ഇരുപത് വർഷക്കാലം അദ്ദേഹം പൂനെയിലാണ് താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതും. പിന്നീട് കോയമ്പത്തൂരിലേക്ക് മടങ്ങിയ അദ്ദേഹം, തന്റെ പഴയ കമ്പനിയിലെ ജോലി സംബന്ധമായ ചില അടിയന്തര ആവശ്യങ്ങൾ പൂർത്തിയാക്കുന്നതിനായി വീണ്ടും പൂനെയിലേക്ക് വരുംവഴിയാണ് ദാരുണമായ ഈ സംഭവത്തിന് ഇരയായത്. വർഷങ്ങൾക്ക് ശേഷം പഴയ കർമ്മഭൂമിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഈ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂടുതൽ കണ്ണീരിലാഴ്ത്തുന്നു.
തുടർനടപടികൾ ശക്തമാക്കി പോലീസ്
കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി കൃഷ്ണപ്രസാദിന്റെ അടുത്ത ബന്ധുക്കൾ അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ വീണ്ടും സോലാപൂരിലേക്ക് എത്തേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതികൾക്ക് നിയമത്തിന് മുന്നിൽ പരമാവധി ശിക്ഷ ഉറപ്പാക്കാനായുള്ള ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് സോലാപൂർ പോലീസ് വ്യക്തമാക്കി.