കാത്തിരിപ്പിന് വിരാമം; നവിമുംബൈയെ ആവേശത്തിലാഴ്ത്താൻ ‘സ്ട്രിങ് ബീറ്റ്സ് 2026’ ഇന്ന് വൈകിട്ട് അരങ്ങേറും

by WhatsUp Mumbai

നവി മുംബൈ: നവിമുംബൈ മലയാളികൾ കാത്തിരുന്ന സാംസ്കാരിക ദൃശ്യവിരുന്ന് ‘സ്ട്രിങ് ബീറ്റ്സ് 2026’ ഇന്ന് വൈകിട്ട് അരങ്ങേറും. കേരള സമാജം ഉൾവെ നോഡിന്റെ (KSUN) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ കലാസന്ധ്യ ഇന്ന് (ജൂൺ 13, ശനിയാഴ്ച) വൈകിട്ട് 6:30-നാണ് ആരംഭിക്കുന്നത്. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട വയലിൻ ആർട്ടിസ്റ്റ് രൂപ രേവതി നയിക്കുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഇതിനൊപ്പം, പ്രശസ്ത മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ ഒരുക്കുന്ന ഹാസ്യ പ്രകടനം കൂടിയാകുമ്പോൾ വേദിയിൽ ചിരിയും സംഗീതവും ഒത്തുചേരും. വേറിട്ട ശബ്ദാനുകരണങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാനാണ് മഹേഷ് കുഞ്ഞുമോൻ എത്തുന്നത്.

നവിമുംബൈയിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ പോകുന്ന ഈ പരിപാടി വൻ വിജയമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് സംഘാടകർ. കലാപ്രേമികളായ വലിയൊരു ജനസമൂഹം ഇന്ന് വൈകിട്ട് പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like