മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (MSRTC) ബസുകളിലെ യാത്രാ ആനുകൂല്യങ്ങൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (NCMC) നിർബന്ധമാക്കുന്നു. വ്യാജരേഖകൾ വഴിയുള്ള കൺസെഷൻ തട്ടിപ്പുകൾ തടയാനാണ് ഈ പുതിയ നടപടിയെന്ന് എംഎസ്ആർടിസി ചെയർമാനും സംസ്ഥാന ഗതാഗത മന്ത്രിയുമായ പ്രതാപ് സർനായിക് (Pratap Sarnaik) അറിയിച്ചു. ആദ്യഘട്ടത്തിൽ വനിതകൾക്കും മുതിർന്ന പൗരന്മാർക്കുമാണ് ഈ നിയമം ബാധകമാകുക.
നിലവിൽ സംസ്ഥാനത്താകെ 51 ലക്ഷത്തിലധികം യാത്രക്കാർ കാർഡിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനായി 4000-ത്തിലധികം അംഗീകൃത ഏജന്റുമാരെയും നിയോഗിച്ചു. കാർഡുകൾ വിതരണം ചെയ്യുന്നതിന് നിശ്ചിത തുകയേക്കാൾ കൂടുതൽ ഈടാക്കുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പ്രതാപ് സർനായിക് മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികൾക്ക് സരൾ (SARAL) ഐഡിയും, മറ്റുള്ളവർക്ക് ആധാർ, യുഡിഐഡി (UDID) എന്നിവയും ബന്ധിപ്പിച്ചായിരിക്കും കാർഡുകൾ നൽകുക.
ബസ് സ്റ്റേഷനുകളിൽ നിന്ന് 199 രൂപ നൽകി യാത്രക്കാർക്ക് ഈ കാർഡുകൾ വാങ്ങാം. കാലാവധിക്ക് ശേഷം കാർഡ് പുതുക്കുന്നതിന് 149 രൂപയാണ് നിരക്ക്. കാർഡിൽ എപ്പോഴും കുറഞ്ഞത് 100 രൂപ മിനിമം ബാലൻസ് ഉണ്ടായിരിക്കണം. ഇടിഐഎം (ETIM) മെഷീനുകൾ വഴിയോ, ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, അംഗീകൃത ഏജന്റുമാർ എന്നിവർ മുഖേനയോ യാത്രക്കാർക്ക് ഈ കാർഡുകൾ റീചാർജ് ചെയ്യാവുന്നതാണ്.