​”വറ്റിവരണ്ട് തടാകങ്ങൾ; മഴക്കനിവിനായി കാത്തിരിപ്പിൽ മുംബൈ”

by WhatsUp Mumbai

മുംബൈ: കഴിഞ്ഞ വർഷത്തേക്കാൾ ജലശേഖരമുണ്ടെന്ന ആശ്വാസത്തിനിടയിലും, നഗരത്തിന്റെ ദാഹമകറ്റാൻ മൺസൂൺ കനിഞ്ഞനുഗ്രഹിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം. നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന തടാകങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ കടുത്ത ആശങ്കയിലാണ് ജനങ്ങളും അധികൃതരും. വരും ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ നഗരം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.

നിലവിൽ മുംബൈയിലെ ഏഴ് പ്രധാന തടാകങ്ങളിലെ ജലശേഖരം അവയുടെ ആകെ ശേഷിയുടെ 13.55 ശതമാനത്തിലേക്ക് (1,96,141 മില്യൺ ലിറ്റർ) താഴ്ന്നതായാണ് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കുന്നത്. അപ്പർ വൈതരണ, മിഡിൽ വൈതരണ, താൻസ തടാകങ്ങളിൽ ആകെ ശേഷിയുടെ 13.03 ശതമാനം മാത്രമാണ് ഉപയോഗപ്രദമായ ജലശേഖരമുള്ളത്. വിഹാർ, മോദക് സാഗർ തുടങ്ങിയ തടാകങ്ങളിലെ സ്ഥിതിയും ആശങ്കാജനകമാണ്.

ഈ വർഷത്തെ മൺസൂൺ ശരാശരിയേക്കാൾ കുറവായിരിക്കുമെന്ന (90 ശതമാനം) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) പ്രവചനമാണ് ബിഎംസി അധികൃതരെ കൂടുതൽ കുഴക്കുന്നത്. വരും മാസങ്ങളിൽ മഴ കുറയുകയും ഒക്ടോബറോടെ കടുത്ത ചൂട് അനുഭവപ്പെടുകയും ചെയ്താൽ തടാകങ്ങളിലെ ജലം വൻതോതിൽ ബാഷ്പീകരിക്കപ്പെടും. ഇത് വരാനിരിക്കുന്ന 2027 ലെ വേനൽക്കാലത്ത് മുംബൈയെ മുൻപെങ്ങുമില്ലാത്ത വിധം വലിയൊരു ജലപ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്രയിൽ എത്തിയതോടെ മുംബൈയിലും സമീപ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചിട്ടുണ്ട്. മുംബൈ നഗരത്തിനും താനെ ജില്ലയ്ക്കും പ്രത്യേക അലേർട്ടുകൾ ഒന്നും തന്നെ നിലവിൽ നൽകിയിട്ടില്ല. എന്നാൽ തീരദേശ ജില്ലകളായ പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ‘യല്ലോ അലേർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. നേരിയ മഴ പെയ്യുന്നുണ്ടെങ്കിലും തടാകങ്ങൾ നിറഞ്ഞുകവിയാൻ തക്കവണ്ണമുള്ള അതിശക്തമായ മഴയ്ക്കായുള്ള കാത്തിരിപ്പിലാണ് മുംബൈ നഗരം.

You may also like