മുംബൈ: പുകയില ഉപയോഗം വായയിലെ ക്യാൻസറിന് കാരണമാകുമെന്ന് കൃത്യമായി ബോധ്യമുണ്ടായിട്ടും, മുംബൈയിൽ പത്തിൽ ഒൻപത് പുകയില ഉപയോക്താക്കളും ലഹരിശീലം ഉപേക്ഷിക്കാൻ തയാറാകുന്നില്ല. താനെയിലെ കിംസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (KIMS Cancer Institute) നടത്തിയ പുതിയ കമ്മ്യൂണിറ്റി സർവേയിലാണ് ജീവന് ഭീഷണിയാണെന്ന് അറിഞ്ഞിട്ടും പുകയില ശീലം തുടരുന്ന ജനങ്ങളുടെ ആശങ്കാജനകമായ അവസ്ഥ വെളിപ്പെട്ടത്. കിംസ് ഹോസ്പിറ്റലിലെ ഡോ. ഹിതേഷ് ആർ. സിംഘ്വി, ഡോ. അനിൽ ഹെരൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് 456 പേരിൽ നടത്തിയ പഠനമാണ് ലഹരിയോടുള്ള കടുത്ത അടിമത്തം പുറത്തുകൊണ്ടുവന്നത്.
സർവേയിൽ പങ്കെടുത്ത 77.2 ശതമാനം ആളുകൾക്കും പുകയില ഉപയോഗം ക്യാൻസറിലേക്ക് നയിക്കുമെന്ന അറിവുണ്ടായിരുന്നു. എന്നാൽ നിലവിൽ പുകയില ഉപയോഗിക്കുന്നവരിൽ 88 ശതമാനത്തോളം പേരും ഈ കൊടുംവിപത്തിനെക്കുറിച്ച് അറിഞ്ഞിട്ടും ശീലം മാറ്റാൻ തയാറാകുന്നില്ല. സർവേയിൽ പങ്കെടുത്തവരിൽ 35.5 ശതമാനം പേരും നിലവിൽ പുകയില ഉപയോഗിക്കുന്നവരാണ്. സിഗരറ്റിനേക്കാൾ ഗുട്ഖ, ഖൈനി തുടങ്ങിയ പുകയില്ലാത്ത ഉൽപന്നങ്ങളാണ് ഇവർക്കിടയിൽ കൂടുതൽ പ്രചാരത്തിലുള്ളത്. കൂടാതെ, മറ്റുള്ളവർ പുകയ്ക്കുന്ന അന്തരീക്ഷത്തിൽ പെട്ടുപോകുന്നതിലൂടെ 25 ശതമാനം പേർ ഇതിന്റെ പരോക്ഷ ഇരകളാകുന്നുണ്ടെന്നും കണ്ടെത്തലിൽ പറയുന്നു.
ലഹരി വിമുക്തിക്കുള്ള പ്രൊഫഷണൽ കൗൺസിലിംഗിന്റെ കുറവും സർവേ എടുത്തുകാണിക്കുന്നു. പുകയില ഉപയോഗിക്കുന്നവരിൽ കേവലം 23.5 ശതമാനം പേർ മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് നിർത്താൻ ശ്രമം നടത്തിയത്. അതേസമയം, പുകയില ശീലം ഉപേക്ഷിക്കാൻ വിദഗ്ധരുടെ ഉപദേശമോ കൗൺസിലിംഗോ ലഭിച്ചിട്ടുള്ളത് വെറും 20.4 ശതമാനം പേർക്ക് മാത്രമാണ്.
ബോധവൽക്കരണം കൊണ്ടുമാത്രം ലഹരി ശീലത്തിന് മാറ്റമുണ്ടാകില്ലെന്നാണ് ഡോ. ഹിതേഷ് ആർ. സിംഘ്വി വ്യക്തമാക്കുന്നത്. കടുത്ത അടിമത്തം ഇതിൽ നിന്ന് പിന്മാറുന്നതിന് തടസ്സമാകുന്നതിനാൽ ശക്തമായ കൗൺസിലിംഗും കമ്മ്യൂണിറ്റി ഇടപെടലുകളും ആവശ്യമാണ്. ക്യാൻസർ ബാധ മുൻകൂട്ടി കണ്ടെത്താൻ കൃത്യമായ വായ പരിശോധനകൾ സഹായിക്കുമെന്ന് ഡോ. അനിൽ ഹെരൂർ ചൂണ്ടിക്കാട്ടി.
ക്യാൻസർ പരിശോധനയുടെ ഭാഗമായി നടത്തിയ പഠനത്തിൽ പങ്കെടുത്ത 28 ശതമാനത്തോളം പേർക്ക് വായ പൂർണ്ണമായി തുറക്കാൻ കഴിയാത്ത അവസ്ഥ ഉള്ളതായി കണ്ടെത്തി. പുകയില, അടയ്ക്ക എന്നിവയുടെ ഉപയോഗം മൂലം ഉണ്ടാകുന്നതും ഭാവിയിൽ ക്യാൻസറായി മാറാൻ സാധ്യതയുള്ളതുമായ ‘ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ്’ (OSMF) എന്ന രോഗത്തിന്റെ പ്രധാന ലക്ഷണമാണിത്. 7.9 ശതമാനം പേരിൽ വായയിലെ മാറാത്ത വ്രണങ്ങളും കണ്ടെത്തി. ലൂക്കോപ്ലാകിയ (Leukoplakia), ഒ.എസ്.എം.എഫ് (OSMF) പോലുള്ള ക്യാൻസറിന് മുൻപുള്ള ലക്ഷണങ്ങൾ പലരിലും സ്ഥിരീകരിച്ചു.
പുതിയ കാലത്തെ ഇലക്ട്രോണിക് ലഹരി ഉൽപ്പന്നങ്ങളായ വേപ്പിംഗിനെതിരെ (Vaping) കിംസ് ഹോസ്പിറ്റൽസ് റീജിയണൽ ഡയറക്ടർ സൗരഭ് ഗുപ്ത മുന്നറിയിപ്പ് നൽകി. പുകവലിക്ക് പകരമുള്ള സുരക്ഷിതമായ മാർഗ്ഗമാണ് വേപ്പിംഗ് എന്ന തെറ്റായ ധാരണ പടരുന്നുണ്ട്. എന്നാൽ ചില വേപ്പ് ഉപകരണങ്ങളിൽ നൂറുകണക്കിന് സിഗരറ്റുകൾക്ക് തുല്യമായ നികോട്ടിൻ അടങ്ങിയിട്ടുണ്ടെന്നും ഇത് പ്രത്യേകിച്ച് യുവാക്കളിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യയിൽ സിഗരറ്റ് ആന്റ് അദർ ടൊബാക്കോ പ്രൊഡക്ട്സ് ആക്ട് (COTPA) നിയമങ്ങൾ പ്രകാരം പുകയില പാക്കറ്റുകളുടെ മുൻഭാഗത്തും പിൻഭാഗത്തുമായി 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പുകൾ നിർബന്ധമാണ്. ഇതിൽ 60 ശതമാനം ക്യാൻസർ ചിത്രങ്ങളും 25 ശതമാനം അക്ഷരങ്ങളിലുള്ള മുന്നറിയിപ്പും ആയിരിക്കണം. ബാക്കി 15 ശതമാനം മാത്രമാണ് ബ്രാൻഡിംഗിനായി ഉപയോഗിക്കാൻ അനുമതിയുള്ളത്. 2016 ഏപ്രിൽ 1 മുതൽ ഈ നിയമം രാജ്യത്ത് നിലവിലുണ്ടെങ്കിലും, ലഹരിയുടെ വ്യാപ്തിക്ക് കുറവില്ലെന്നാണ് പുതിയ സർവേയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.