എസി ലോക്കലിൽ ആർപിഎഫ് ചമഞ്ഞ് കബളിപ്പിക്കാൻ നോക്കിയ വ്യാജൻ വനിതാ ടിക്കറ്റ് പരിശോധകരുടെ വലയിൽ!

by WhatsUp Mumbai

മുംബൈ എസി ലോക്കൽ ട്രെയിനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥനാണെന്ന് വ്യാജേന ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ പിടിയിലായി. സെൻട്രൽ റെയിൽവേയിലെ കർത്തവ്യനിരതരായ രണ്ട് വനിതാ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടർമാരുടെ സന്ദർഭോചിതമായ ഇടപെടലാണ് വ്യാജനെ കുടുക്കിയത്. മാൻഖുർദ്, വഡാല റോഡ് സ്റ്റേഷനുകൾക്കിടയിൽ വെച്ചായിരുന്നു സംഭവം.

വൈകുന്നേരത്തെ പതിവ് ടിക്കറ്റ് പരിശോധനയ്ക്കിടയിലാണ് ടിടിഇമാരായ ശ്രദ്ധ സാൽവുങ്കെ, കേത്കി കദം എന്നിവർ ഈ യാത്രക്കാരനോട് ടിക്കറ്റ് ആവശ്യപ്പെടുന്നത്. എന്നാൽ ടിക്കറ്റ് കാണിക്കുന്നതിന് പകരം താൻ ആർപിഎഫ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുകയും ഒരു തിരിച്ചറിയൽ കാർഡ് കാണിക്കുകയുമായിരുന്നു ഇയാൾ. എന്നാൽ ഔദ്യോഗിക യാത്രാ അനുമതിപത്രം ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല.

ഇയാൾ കാണിച്ച തിരിച്ചറിയൽ കാർഡിൽ സംശയം തോന്നിയ വനിതാ ടിടിഇമാർ തുടർചോദ്യങ്ങൾ ഉന്നയിച്ചതോടെ ഇയാളുടെ ഭാവം മാറി. റെയിൽവേയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ ഇയാൾ പതറി. ഇതോടെ ഇയാൾ വ്യാജനാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചു. എംഡി മലംഗ് ഖാൻ എന്നാണ് പിടിയിലായ പ്രതിയുടെ പേര്.

തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഇയാളെ ഉടൻ തന്നെ ലോകമാന്യ തിലക് ടെർമിനസ് ഗവൺമെന്റ് റെയിൽവേ പൊലീസിന് കൈമാറി. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റെയിൽവേയെ കബളിപ്പിക്കാൻ ശ്രമിച്ച വ്യാജനെ കൃത്യസമയത്ത് പിടികൂടിയ വനിതാ ടിടിഇമാരുടെ തന്ത്രപരമായ നീക്കത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.

You may also like