മഹാരാഷ്ട്രയിൽ ഹെയർകട്ടിങ് നിരക്കുകൾ വർദ്ധിപ്പിച്ചു; സേവന നിരക്കുകളിൽ 20 ശതമാനം വർദ്ധനവ്

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിൽ മുടിവെട്ടൽ, താടിവടിക്കൽ തുടങ്ങിയ സലൂൺ സേവനങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിച്ചു. സംസ്ഥാനത്തെ പ്രമുഖ ബാർബർ സംഘടനയായ ‘മഹാരാഷ്ട്ര നാഭിക് മഹാമണ്ഡൽ’ ആണ് സേവന നിരക്കുകളിൽ 20 ശതമാനത്തോളം വർദ്ധനവ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം മൂലം സലൂണുകളിൽ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുത്തനെ ഉയർന്നതാണ് പെട്ടെന്നുള്ള ഈ തീരുമാനത്തിന് കാരണമായി സംഘടന ചൂണ്ടിക്കാണിക്കുന്നത്. പുതിയ നിരക്കുകൾ സംസ്ഥാനത്തുടനീളം നിലവിൽ വന്നു.

പുതുക്കിയ നിരക്ക് പ്രകാരം സാധാരണ സലൂണുകളിൽ മുടി വെട്ടുന്നതിന് ഇനി മുതൽ 180 രൂപ ഈടാക്കും. താടി വടിക്കുന്നതിന് 120 രൂപയും താടി ഒതുക്കുന്നതിന് (ട്രിമ്മിങ്) 150 രൂപയുമാണ് പുതിയ നിരക്ക്. തല മസാജ് ചെയ്യുന്നതിന് 180 രൂപയും മുടി കഴുകുന്നതിന് 120 മുതൽ 150 രൂപ വരെയും നൽകേണ്ടി വരും. ഇവയ്ക്ക് പുറമെ ഫേഷ്യൽ ചെയ്യണമെങ്കിൽ കുറഞ്ഞത് 700 രൂപയും, ഹെയർ സ്പാ ചെയ്യുന്നതിന് 600 രൂപയും ഇനി മുതൽ പൊതുജനങ്ങൾ കൈയ്യിൽ നിന്ന് ഇറക്കേണ്ടി വരും.

സാധാരണയായി രണ്ടു വർഷത്തിലൊരിക്കൽ ജനുവരി മാസത്തിലാണ് സംഘടന നിരക്കുകൾ പുതുക്കാറുള്ളത്. എന്നാൽ സലൂൺ സാമഗ്രികളുടെ വിലയിലുണ്ടായ അപ്രതീക്ഷിത വർദ്ധനവ് മൂലം ഇത്തവണ കാലാവധി തികയുന്നതിന് മുൻപ് തന്നെ നിരക്ക് കൂട്ടാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് സംഘടനയുടെ ഭാരവാഹിയായ ശ്യാം അസ്കർകർ അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം വരുന്ന സാധാരണ, ഇടത്തരം സലൂണുകൾക്കാണ് ഈ പുതിയ നിരക്ക് ബാധകമാകുന്നത്. അതേസമയം, വലിയ ആഡംബര സലൂണുകളെ ഈ വിലവർദ്ധനവ് ബാധിക്കില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ സലൂൺ നിരക്കുകളും കൂടിയത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന് കനത്ത തിരിച്ചടിയാകും.

You may also like