മുംബൈ: മഹാനഗരത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഡ്രഗ് ഫ്രീ മുംബൈ’ കാമ്പെയ്ൻ ശക്തമാകുന്നു. മഹാരാഷ്ട്ര ദിനത്തിൽ തുടക്കം കുറിച്ച ഈ വലിയ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി ജൂൺ 25-ന് നഗരത്തിലെ അഞ്ച് ലക്ഷം ജനങ്ങൾ ഒന്നിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മന്ത്രി മംഗൾ പ്രഭാത് ലോധ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ വൻ പരിപാടി സംഘടിപ്പിക്കുന്നത്.
യുവതലമുറയെ ലഹരിയുടെ കെണിയിൽ നിന്ന് രക്ഷിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരത്തിലെ സ്കൂളുകൾ, കോളേജുകൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവരെ കോർത്തിണക്കിയാണ് ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂൺ 25-ന് നടക്കുന്ന പ്രധാന ചടങ്ങിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ അഞ്ച് ലക്ഷത്തോളം പേർ പങ്കാളികളാകും.
ലഹരിയുടെ വിൽപ്പനയും ഉപയോഗവും പൂർണ്ണമായി തടയുന്നതിനൊപ്പം, ലഹരിക്ക് അടിമപ്പെട്ടവരെ സൺമാർഗ്ഗത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പുനരധിവാസ പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. മുംബൈയുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഈ വലിയ പോരാട്ടത്തിൽ എല്ലാ നഗരവാസികളും പങ്കാളികളാകണമെന്ന് മന്ത്രി മംഗൾ പ്രഭാത് ലോധ അഭ്യർത്ഥിച്ചു.