മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CSMIA) നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബ്രിട്ടീഷ് എയർവേസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് മണിക്കൂറുകളോളം വൈകി. വിമാനത്തിനുള്ളിലെ എയർ കണ്ടീഷനിംഗ് (എ.സി) സംവിധാനം പ്രവർത്തനരഹിതമായതാണ് വിമാനം പുറപ്പെടുന്നത് വൈകാൻ കാരണമായത്. വിമാനത്തിനുള്ളിൽ കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെട്ടതായി യാത്രക്കാർ പരാതിപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.10-ന് പുറപ്പെടേണ്ടിയിരുന്ന BA138 വിമാനത്തിലാണ് സാങ്കേതിക തകരാർ ദൃശ്യമായത്. യാത്രക്കാരെല്ലാം വിമാനത്തിനുള്ളിൽ പ്രവേശിച്ച ശേഷമാണ് എ.സി പ്രവർത്തിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിനുള്ളിൽ വായുസഞ്ചാരം കുറയുകയും കടുത്ത ചൂട് അനുഭവപ്പെടുകയും ചെയ്തതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ മണിക്കൂറുകളോളമാണ് ഈ അസ്വസ്ഥത സഹിക്കേണ്ടി വന്നത്.
സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി ടർമിനലിലേക്ക് മാറ്റി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ബ്രിട്ടീഷ് എയർവേസ് അധികൃതർ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും സാങ്കേതിക തകരാർ പരിഹരിച്ച ശേഷം വിമാനം ലണ്ടനിലേക്ക് പുറപ്പെടുമെന്നും എയർലൈൻ വക്താവ് അറിയിച്ചു. താമസ സൗകര്യവും മറ്റ് സഹായങ്ങളും യാത്രക്കാർക്ക് ലഭ്യമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.