എവിടെപ്പോകാനും നിശ്ചയിച്ച സമയത്തിനും പത്തു മിനിറ്റ് മുൻപേ എത്തുന്ന ചിലരുണ്ട് നമ്മുടെ ചുറ്റും. ‘എന്തിനാണിത്ര ധൃതി?’ എന്ന് ചോദിച്ച് പലരും ഇവരെ കളിയാക്കാറുമുണ്ട്. എന്നാൽ, എല്ലായിടത്തും നേരത്തെയെത്തുന്ന ഈ ശീലം വെറുമൊരു അമിതാവേശമോ ആകാംഷയോ അല്ലെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. ഇതിനു പിന്നിൽ കുട്ടിക്കാലത്തെ ചില വേദനിപ്പിക്കുന്ന ഓർമ്മകളും ഒപ്പം തീവ്രമായ സ്നേഹപ്രകടനവുമുണ്ട്.
കുട്ടിക്കാലത്ത് എപ്പോഴെങ്കിലും വൈകിയെത്തിയതിന്റെ പേരിൽ മാറ്റിനിർത്തപ്പെടുകയോ, തങ്ങളെ ആരും പരിഗണിക്കുന്നില്ലെന്ന തോന്നലുണ്ടാവുകയോ ചെയ്തവരാകാം ഇക്കൂട്ടർ. പലപ്പോഴും വൈകിയെത്തുന്നത് മറ്റുള്ളവരോടുള്ള അനാദരവോ കാര്യഗൗരവമില്ലായ്മയോ ആയി സമൂഹം വിലയിരുത്തുമ്പോൾ, അതേറ്റവും കൂടുതൽ മുറിവേൽപ്പിക്കുന്നത് ഇവരുടെ മനസ്സിലാണ്. മറ്റുള്ളവർക്ക് തങ്ങളോടുള്ള താല്പര്യക്കുറവായിട്ടാണ് കുട്ടിക്കാലത്ത് ഇവർ വൈകിയെത്തലുകളെ അടയാളപ്പെടുത്തിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ, തങ്ങൾ മറ്റുള്ളവരെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും ബഹുമാനിക്കുന്നുണ്ടെന്നും തെളിയിക്കാനുള്ള ഏറ്റവും ലളിതവും മനോഹരവുമായ മാർഗ്ഗമായാണ് ഇവർ കൃത്യനിഷ്ഠയെ കാണുന്നത്. ‘ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളുടെ സമയത്തെ വിലമതിക്കുന്നു’ എന്ന് വാക്കുകളില്ലാതെ പ്രകടിപ്പിക്കാൻ ഇവർ കണ്ടെത്തിയ ഏറ്റവും വൃത്തിയുള്ള വഴിയാണ് ഈ പത്തു മിനിറ്റ് നേരത്തെയെത്തൽ. ‘ലെ രവി’യുടെ ഈ മനഃശാസ്ത്ര നിരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.