ന്യൂനപക്ഷ വകുപ്പിൽ 406 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു; സർക്കാരിനെതിരെ കനത്ത പടയൊരുക്കവുമായി ജനപ്രതിനിധികൾ

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിലെ ഭരണസിരാകേന്ദ്രങ്ങളിൽ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ചുവപ്പുനാടയിൽ കുരുങ്ങി ശ്വാസം മുട്ടുന്നതായി ആക്ഷേപം. സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പിൽ ആകെ അനുവദിച്ച തസ്തികകളിൽ പകുതിയിലധികവും ഒഴിഞ്ഞുകിടക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വകുപ്പിന്റെ പ്രവർത്തനം പൂർണ്ണമായും സ്തംഭനാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി മുംബൈയിലെ പ്രമുഖ മുസ്ലിം എംഎൽഎമാർ രംഗത്തെത്തിയതോടെ വിഷയം വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ന്യൂനപക്ഷ വകുപ്പിൽ ആകെ അനുവദിച്ചിട്ടുള്ള 738 തസ്തികകളിൽ 406 എണ്ണവും വർഷങ്ങളായി നികത്താതെ ഒഴിഞ്ഞുകിടക്കുകയാണ്. അതായത് വെറും 332 ജീവനക്കാരെ മാത്രം വെച്ചാണ് സംസ്ഥാനത്തെ കോടിക്കണക്കിന് വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ക്ഷേമകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്! സുപ്രധാനമായ പല തസ്തികകളിലും ആളില്ലാത്തത് മൂലം വഖഫ് ബോർഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം താളംതെറ്റി. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, തൊഴിലധിഷ്ഠിത കോഴ്സുകൾ, ഭവന നിർമ്മാണ പദ്ധതികൾ എന്നിവയെല്ലാം കൃത്യമായി നടപ്പാക്കാൻ കഴിയാതെ ഫയലുകളിൽ വിശ്രമിക്കുകയാണ്.
വകുപ്പിലെ ഈ കടുത്ത ഉദ്യോഗസ്ഥ ക്ഷാമത്തിനെതിരെ കോൺഗ്രസ് എംഎൽഎമാരായ അമീൻ പട്ടേൽ, അസ്ലം ഷെയ്ഖ്, സമാജ്‌വാദി പാർട്ടിയുടെ റൈസ് ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. വരാനിരിക്കുന്ന നിർണ്ണായക വകുപ്പുതല അവലോകന യോഗത്തിന് മുന്നോടിയായി എംഎൽഎമാർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി കഴിഞ്ഞു. ന്യൂനപക്ഷ ഫണ്ടുകൾ യഥാസമയം വിനിയോഗിക്കുന്നതിൽ വകുപ്പ് പൂർണ്ണ പരാജയമാണെന്നും, ഈ ഉദാസീനത തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകുന്നു.

ഒഴിഞ്ഞുകിടക്കുന്ന 406 തസ്തികകളിലേക്ക് അടിയന്തരമായി താൽക്കാലികാടിസ്ഥാനത്തിലെങ്കിലും ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് എംഎൽഎമാരുടെ പ്രധാന ആവശ്യം. നിലവിലുള്ള ഫണ്ടുകൾ പൂർണ്ണമായും വിനിയോഗിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം. ന്യൂനപക്ഷ ജനവിഭാഗങ്ങളോട് സർക്കാർ കാണിക്കുന്ന ഈ അവഗണന വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.

You may also like