മറാത്തകൾക്കായി വീണ്ടും കടുത്ത സമരവുമായി മനോജ്‌ ജാരങ്കെ; സർക്കാർ സംഘം നേരിട്ടെത്തിയിട്ടും വഴങ്ങാതെ പ്രക്ഷോഭക നേതാവ്!

by WhatsUp Mumbai

​മുംബൈ: മറാത്താ സംവരണ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭകൻ മനോജ് ജാരങ്കെ പാട്ടീൽ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ ഉന്നതതല പ്രതിനിധി സംഘവുമായി നടത്തിയ നിർണ്ണായക ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ശനിയാഴ്ച മുതൽ അദ്ദേഹം സമരം തുടങ്ങിയത്. ജാൽന ജില്ലയിലെ അന്തർവാലി സരാതി ഗ്രാമത്തിൽ, ഈ മെയ് മാസത്തെ കടുത്ത വേനൽച്ചൂടിൽ തണലോ പന്തലോ പോലുമില്ലാതെ, തുറസ്സായ പാടത്തിരുന്നാണ് ജാരങ്കെയുടെ ഈ ‘അഗ്നിപരീക്ഷാ’ സമരം.

മറാത്താ സമൂഹത്തിന് ഒ.ബി.സി (OBC) വിഭാഗത്തിൽ ഉൾപ്പെടുത്തി കുൻബി (Kunbi) ജാതി സർട്ടിഫിക്കറ്റുകൾ നൽകുക, സഗേസോയരെ (രക്തബന്ധമുള്ളവർ) ഓർഡിനൻസ് നടപ്പിലാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ജാരങ്കെയെ അനുനയിപ്പിക്കാൻ മഹാരാഷ്ട്ര ജലവിഭവ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ നേതൃത്വത്തിലുള്ള സർക്കാർ സംഘം സമരവേദിയിലെത്തി 14 ആവശ്യങ്ങളടങ്ങിയ സർക്കാർ നയരേഖ കൈമാറിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കൃത്യമായ സർക്കാർ ഉത്തരവാണ് തങ്ങൾക്ക് വേണ്ടതെന്നും വെറും ഉറപ്പുകൾ കൊണ്ട് ഇനി തൃപ്തരാകില്ലെന്നും ജാരങ്കെ വ്യക്തമാക്കി.

കഴിഞ്ഞ വർഷം മുംബൈ ആസാദ് മൈതാനത്ത് നടത്തിയ സമരത്തിൽ സർക്കാർ നൽകിയ ഉറപ്പുകൾ പത്തുമാസം കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തതിനാലാണ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നതെന്ന് ജാരങ്കെ പാട്ടീൽ പറഞ്ഞു. ഹൈദരാബാദ്, സത്താറ ഗസറ്റിയറുകൾ അടിസ്ഥാനമാക്കി 58 ലക്ഷം മറാത്താ കുടുംബങ്ങൾക്ക് കുൻബി സർട്ടിഫിക്കറ്റുകൾ ഉടനടി വിതരണം ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ഒപ്പം ഒ.ബി.സി ക്ഷേമ വകുപ്പ് പോലെ മറാത്താ സമൂഹത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

തുറസ്സായ വെയിലിൽ നിന്നും തണലിലേക്ക് മാറാൻ മന്ത്രി ആവശ്യപ്പെട്ടെങ്കിലും ജാരങ്കെ അത് നിരസിച്ചു. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് കനത്ത ചൂടിലാണ് സമരം. സമരത്തിനിടെ തന്റെ ആരോഗ്യനില വഷളായാൽ അതിന് പൂർണ്ണ ഉത്തരവാദി സർക്കാരും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആയിരിക്കുമെന്ന് ജാരങ്കെ മുന്നറിയിപ്പ് നൽകി. ഫഡ്‌നാവിസിന് ധൈര്യമുണ്ടെങ്കിൽ ഈ മെയ് മാസത്തെ ചൂടിൽ രണ്ടുദിവസം ഇതുപോലെ വന്നിരിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

അതേസമയം, സത്താറ ഗസറ്റിയർ നടപ്പിലാക്കുന്നതിൽ ചില നിയമപരമായ തടസ്സങ്ങളുണ്ടെന്നും കോടതി നടപടികൾ നേരിടുന്നതിനാൽ സർക്കാർ അതീവ ജാഗ്രതയോടെയാണ് മുന്നോട്ടു പോകുന്നതെന്നും മന്ത്രി വിഖെ പാട്ടീൽ വ്യക്തമാക്കി. സമരക്കാർക്കെതിരെ എടുത്ത 95 ശതമാനം കേസുകളും സർക്കാർ പിൻവലിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജാരങ്കെയുടെ സമരത്തിന് പിന്തുണയുമായി വിവിധ മറാത്താ സംഘടനകളും കോൺഗ്രസ് എം.പിമാരും രംഗത്തെത്തിയിട്ടുണ്ട്. മറുവശത്ത്, ഒ.ബി.സി വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ കവർന്നെടുക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഒ.ബി.സി സംഘടനകളും മുന്നറിയിപ്പ് നൽകിയതോടെ മഹാരാഷ്ട്ര വീണ്ടും രാഷ്ട്രീയ-സാമൂഹിക വടംവലിയിലേക്ക് നീങ്ങുകയാണ്

You may also like